| Thursday, 13th May 2021, 3:45 pm

എഡിറ്ററെ സഹായിക്കാന്‍ നിര്‍മാതാവാക്കി... അങ്ങനെ തേന്‍മാവിന്‍ കൊമ്പത്തുണ്ടായി

സഫീര്‍ അഹമ്മദ്‌

കേരളം വേനല്‍ ചൂടില്‍ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രില്‍ മാസത്തിലെ അവസാന വാരത്തില്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ ഓഡിയൊ കാസറ്റ് അത്യാവശ്യം നല്ല പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ റിലീസായി..ആ സിനിമയിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ലോട്ടറി വില്‍പ്പനക്കാരിലൂടെയും കാസറ്റ് കടകളിലൂടെയും ഒക്കെ കേരളത്തിലെ തെരുവുകളായ തെരുവുകളില്‍ എല്ലാം അലയടിച്ചു,ആളുകള്‍ ആ പാട്ടുകളെല്ലാം നെഞ്ചിലേറ്റി പാടി.

‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ’,മലയാളികളുടെ കാതില്‍ തേന്മഴ പെയ്യിച്ച പാട്ടും പാടി മാണിക്യനെയും കാര്‍ത്തുമ്പിയെയും തേന്മാവിന്‍ കൊമ്പത്തിലൂടെ പ്രിയദര്‍ശന്‍ തിരശ്ശീലയില്‍ അവതരിപ്പിച്ചിട്ട് ഇന്നേക്ക്,മെയ് 13ന് 27 വര്‍ഷങ്ങള്‍ ആയി.

താളവട്ടത്തിലൂടെയും ചിത്രത്തിലൂടെയും ഒക്കെ പ്രേക്ഷകരെ അങ്ങേയറ്റം എന്റര്‍ടെയിന്‍ ചെയ്ത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയ സിനിമകള്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ട് സമ്മാനിച്ചപ്പോള്‍ കരുതിയിരുന്നത് ഈ സിനിമകള്‍ക്ക് മേലെ നില്ക്കുന്ന,ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന സിനിമ ഇനി അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ്.

എന്നാല്‍ അതിന് ശേഷം ചിത്രത്തോളം ചിരിപ്പിച്ച,രസിപ്പിച്ച,വിജയം നേടിയ കിലുക്കം വന്നു,കിലുക്കത്തോളം രസിപ്പിച്ച തേന്മാവിന്‍ കൊമ്പത്തും ചന്ദ്രലേഖയും വന്നു,ഇതിനിടയില്‍ ഇവരുടെ തന്നെ മറ്റ് ഒട്ടനവധി സിനിമകളും വന്നു..ഒരു ഇന്‍ഡസ്ട്രി ഹിറ്റ് സിനിമ പല സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒരു ബാധ്യതയായി മാറുമ്പോള്‍ പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് അത് പലവട്ടം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.

ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥയിലെ ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്‌സും ചതിയും ആക്ഷനും ഒക്കെ വളരെ ചിട്ടയോടെ തിരക്കഥയില്‍ സമന്വയിപ്പിച്ച് അവയല്ലാം പ്രത്യേക ലൈറ്റിങ്ങും കളര്‍ പറ്റേണും കൊടുത്ത് ദൃശ്യ ഭംഗി നിറഞ്ഞ മികവാര്‍ന്ന ഫ്രെയിമുകളില്‍ കെ.വി.ആനന്ദ് എന്ന അന്നത്തെ പുതുമുഖ ഛായാഗ്രാഹകന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് തേന്മാവിന്‍ കൊമ്പത്ത് പ്രിയദര്‍ശന്‍ അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും ലക്ഷണം ഒത്ത ഒരു എന്റര്‍ടെയിനറാണ്.

മലയാള സിനിമയില്‍ തേന്മാവിന്‍ കൊമ്പത്തിന് മുമ്പൊ ശേഷമോ ഇത്രത്തോളം ദൃശ്യ മികവുള്ള,ദൃശ്യ പൊലിമയുള്ള,പ്രേക്ഷകന്റെ കണ്ണിന് കുളിര്‍മ നല്കിയ ഒരു സിനിമ ഉണ്ടായിട്ടില്ല..ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തില്‍ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയ രംഗങ്ങള്‍ തേന്മാവിന്‍ കൊമ്പത്തിലേത് ആയിരിക്കും, ശ്രീഹള്ളി-മുദ്ദുഗവു രംഗങ്ങളായിരിക്കും.

പ്രിയദര്‍ശന്റെ പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഉള്ള ബഹുഭൂരിപക്ഷം സിനിമകള്‍ക്കും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിട്ടുള്ള,ഗുരു തുല്യനായി കാണുന്ന എന്‍.ഗോപാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കാന്‍ വേണ്ടിയാണ് തേന്മാവിന്‍ കൊമ്പത്തിന് വേണ്ടി പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും കൈ കോര്‍ത്തത്, എന്‍.ഗോപാലകൃഷ്ണനെ നിര്‍മ്മാതാവിന്റെ കുപ്പായമണിയിച്ച് കൊണ്ട്!

പൂര്‍ത്തിയാകാത്ത തിരക്കഥകളുമായി സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന, സെറ്റില്‍ ഇരുന്ന് കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതുന്ന ശീലമുള്ള പ്രിയദര്‍ശന്‍ ആദ്യമായി എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായി ഷൂട്ടിങ്ങ് തുടങ്ങിയത് തേന്മാവിന്‍ കൊമ്പത്തിന് വേണ്ടിയാണ്..സാധാരണ പ്രിയന്‍-ലാല്‍ സിനിമകള്‍ പോലെ തന്നെ മനോഹരമായിരുന്നു തേന്മാവിന്‍ കൊമ്പത്തും.

എന്നാല്‍ തികച്ചും വ്യത്യസ്തവും, പ്രത്യേകിച്ച് കഥ പറയാന്‍ തെരഞ്ഞെടുത്ത പശ്ചാത്തലം… ശ്രീഹള്ളി എന്ന സാങ്കല്‍പ്പിക അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണനോടും യശോദാമ്മയോടുമുള്ള മാണിക്യന്റെ സ്‌നേഹവും കൂറും,കാര്‍ത്തുമ്പിയുടെയും മാണിക്യന്റെയും വഴക്കിടലും പ്രണയവും പാട്ടും നൃത്തവും,അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും ഒക്കെ ഹാസ്യത്തിന്റെ രസക്കൂട്ടില്‍ മുമ്പെങ്ങും കാണാത്ത ദൃശ്യ മികവോടെയും സാങ്കേതിക മേന്മയോടെയും പ്രിയദര്‍ശന്‍ അവതരിച്ചപ്പോള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അതൊരു നവാനുഭൂതിയായി,അവരത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.

സിനിമയ്ക്ക് രണ്ടേ മുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ഒട്ടും തന്നെ മുഷിച്ചില്‍ അനുഭവപ്പെടാതിരുന്നത് പ്രിയദര്‍ശന്റെ തിരക്കഥയുടെ കരുത്ത് കൊണ്ടും സംവിധാനത്തിലെ പുതുമ കൊണ്ടുമാണ്.

ഇനിയൊരു ഫ്‌ളാഷ്ബാക്ക്:

1994 മെയ് 13 വെള്ളിയാഴ്ച്ച,പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പരീക്ഷ നടക്കാന്‍ പോകുന്ന ഹാളിന്റെ വരാന്തയില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള കുറച്ച് വിദ്യാര്‍ത്ഥികള്‍ വലിയൊരു ചര്‍ച്ചയില്‍ ആയിരുന്നു, തേന്മാവിന്‍ കൊമ്പത്ത് ഏത് ഷോ കാണാന്‍ പോകണമെന്ന ചര്‍ച്ച.

9.30 ന്റെ സെക്കന്റ് ഷോ കാണാനായി ഞങ്ങള്‍ നാല് പേരെടങ്ങുന്ന സംഘം എട്ട് മണിയോട് കൂടി പെരിന്തല്‍മണ്ണ സവിത തിയേറ്ററിലെത്തിയപ്പോള്‍ അവിടം അക്ഷരാര്‍ത്ഥത്തില്‍ ജനപ്രളയം ആയിരുന്നു. സ്ഥിരമായി കൊടുങ്ങല്ലൂരില്‍ നിന്നും തൃശ്ശൂരില്‍ നിന്നും ഒക്കെ റിലീസ് ദിവസം സിനിമകള്‍ കണ്ടിരുന്ന ഞങ്ങള്‍ തിയേറ്ററില്‍ തിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇത്രയും വലിയൊരു ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല,അതും പെരിന്തല്‍മണ്ണ പോലെയുള്ള ഒരു സെന്ററില്‍.

ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ട് മല്ലന്മാര്‍ എങ്ങനെയൊ ഉന്തി തള്ളി ക്യൂവില്‍ കയറിപ്പറ്റി ടിക്കറ്റുകള്‍ എടുത്തു,നിറഞ്ഞ ആവേശത്തോടെ തിയേറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചു. റിലീസ് ദിവസം തിക്കും തിരക്കും നിറഞ്ഞ ക്യൂവില്‍ നിന്നും ടിക്കറ്റ് എടുത്ത് തിയേറ്ററിനകത്തേക്ക് ഓടുമ്പോള്‍ ഉള്ള സന്തോഷവും ആവേശവും,അതൊന്ന് വേറെ തന്നെയാണ്.

താളവട്ടവും ചിത്രവും വന്ദനവും കിലുക്കവും ഒക്കെ തന്ന ലഹരിയിലുള്ള അമിത പ്രതീക്ഷകളുടെ ഭാരത്തോടെ ഞാന്‍ ഉള്‍പ്പെടുള്ള കാണികള്‍ നിറഞ്ഞ സദസ്സില്‍ കരഘോഷത്തോടെ തേന്മാവിന്‍ കൊമ്പത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു. മനോഹരമായ ടൈറ്റില്‍ ഗാനത്തോടെ, അതിലും മനോഹരമായ രംഗങ്ങളോടെ കഥ പറയാന്‍ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തിലേക്ക് പെട്ടെന്ന് കാണികളെ കൊണ്ടെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു.

മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ ലളിതമായ ഇന്‍ട്രൊ രംഗവും,ശ്രീകൃഷ്ണന്‍ കള്ള് കുടിച്ചത് യശോദാമ്മ ചോദ്യം ചെയ്യുന്നതും,അതേ പറ്റി മാണിക്യന്‍ വിശദീകരിക്കുന്നതും,അപ്പക്കാളയെ ശിക്ഷിക്കുന്നതും,നാട്ടുകൂട്ടവും കാളയോട്ട മല്‍സരവും,ഗജഅഇ ലളിതയുടെ കാര്‍ത്തു എന്ന കഥാപാത്രത്തിനോട് ‘ആ കിളവനെ വിട്ടേര്, ഞാന്‍ റെഡിയാണ്’ എന്ന് പറയുന്നതുമൊക്കെയായി രസകരമായി സിനിമ തുടര്‍ന്നു.

ശോഭനയുടെ കാര്‍ത്തുമ്പിയും കുതിരവട്ടം പപ്പുവിന്റെ അമ്മാവനും കൂടി കഥയില്‍ രംഗപ്രവേശം ചെയ്ത് മാണിക്യനുമായി വഴക്ക് തുടങ്ങിയതോട് കൂടി തിയേറ്ററില്‍ ചിരിയുടെ അളവ് ക്രമേണ വര്‍ദ്ധിച്ചു. കാര്‍ത്തുമ്പി പേര് പറയുമ്പോള്‍ ‘ആര് കാറിത്തുപ്പി’ എന്ന മാണിക്യന്‍ പറയുന്ന രംഗം,പപ്പുവിന്റെ ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്ന രംഗം,കാളവണ്ടിയില്‍ വെച്ച് പപ്പുവിനെ മാണിക്യന്‍ ചീത്ത വിളിക്കുന്ന രംഗവും,എന്തേ മനസ്സിലൊരു നാണം പാട്ടുമൊക്കെയായി തിയേറ്ററില്‍ ചിരി വിതറി രസച്ചരട് മുറിയാതെ സിനിമ പുരോഗമിച്ചു.

മാണിക്യനും കാര്‍ത്തുമ്പിയും കാട്ടില്‍ അകപ്പെട്ടതോട് കൂടി സിനിമ ടോപ്പ് ഗിയറില്‍ പാഞ്ഞു,കാണികളുടെ ചെറുപുഞ്ചിരികള്‍ പൊട്ടിച്ചിരികളിലേക്ക് വഴി മാറി.

‘ശ്രീഹള്ളിലേയ്ക്കുള്ള വഴി’ എന്ന രംഗം തിയേറ്ററില്‍ സൃഷ്ടിച്ച പൊട്ടിച്ചിരികളുടെയും കൈയ്യടികളുടെയും ഓളം പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ്. തിയേറ്ററില്‍ അതിന്റെ അലയൊളികള്‍ അടങ്ങാന്‍ കുറച്ച് സമയം എടുത്തു, അടുത്ത ‘ഒരു ചാള’ രംഗത്തിലെ സംഭാഷണങ്ങള്‍ ഈ നീണ്ട ചിരികള്‍ക്കിടയില്‍ വ്യക്തമായി കേള്‍ക്കാന്‍ പറ്റിയിരുന്നില്ല. എവാളുതേ അക്കരേലു രംഗവും മുദ്ദുഗവു രംഗങ്ങളും തിയേറ്ററില്‍ വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി.

കാര്‍ത്തുമ്പിയോട് ‘പോരുന്നൊ എന്റെ കൂടെ’ എന്ന് മാണിക്യന്‍ ചോദിച്ച ശേഷം ‘കറുത്ത പെണ്ണേ’ ഗാനരംഗം ആരംഭിച്ചപ്പോള്‍ തിയേറ്റര്‍ മൊത്തം കൈയ്യടികള്‍ കൊണ്ട് മുഖരിതമായി.

കാരണം അത്ര മാത്രം ജനപ്രീതി നേടിയിരുന്നു സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ആ ഗാനം. കറുത്ത പെണ്ണേ ഗാനരംഗത്തില്‍ അലസമായ ചുവടുകളോടെ ആടിപ്പാടുന്ന മാണിക്യനും കാര്‍ത്തുമ്പിയും കൂടി കാണികള്‍ക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ്..

ശ്രീകൃഷ്ണന്റെയും പ്രണയവും അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും മല്ലിക്കെട്ടുമായിട്ടുള്ള സ്റ്റണ്ട് രംഗങ്ങളുമായി ഒക്കെ സിനിമ രസകരമായി മുന്നോട്ട് പോയി ശുഭപര്യവസായി ആയി അവസാനിക്കും നേരം ഫിലിമ്ഡ് ബൈ പ്രിയദര്‍ശന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ വീണ്ടും തിയേറ്ററില്‍ കരഘോഷം ഉയര്‍ന്നു.

അടിപൊളി, സൂപ്പര്‍, കിലുക്കം പോലെ കൊള്ളാമല്ലെ എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു ഞാനുള്‍പ്പെടെയുള്ള കാണികള്‍ സന്തോഷത്തോടെ തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. ടാസ്‌കിയും, ശ്രീഹള്ളിയിലേക്കുള്ള വഴിയും, മുദ്ദുഗവും, കറുത്ത പെണ്ണേയും ഒക്കെ ആയിരുന്നു തിരിച്ച് പാതി രാത്രിക്ക് പോസ്റ്റലിലേക്കുള്ള ഞങ്ങളുടെ നടത്തത്തിലെ സംസാര വിഷയം.
(ഫ്‌ളാഷ് ബാക്കിന് ഇവിടെ അവസാനം)

മോഹന്‍ലാല്‍ അവതരിപ്പിച്ചതില്‍ ഏറ്റവും സാധാരണക്കാരന്റെ വേഷങ്ങളിലൊന്നാണ് മാണിക്യന്‍. ഹാസ്യത്തിന്റെ, പ്രണയത്തിന്റെ, വിധേയത്വത്തിന്റെ, നിസ്സഹായവസ്ഥയുടെ ഭാവങ്ങളെല്ലാം അതീവ ഹൃദ്യമായി മോഹന്‍ലാലിലൂടെ മിന്നി മറഞ്ഞപ്പോള്‍ മാണിക്യന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറെ ഇഷ്ടം നേടി എന്നെന്നും ഓര്‍ക്കപ്പെടുന്നതായി മാറി.

യശോദമ്മയ്ക്ക് പൊങ്കലിന് ഉടുക്കുവാന്‍ കസവ് പുടവ കൊടുത്ത ശേഷമുള്ള മാണിക്യന്റെ സംഭാഷണങ്ങളുള്ള രംഗവും അതിനൊപ്പം ഒഴുകിയെത്തുന്ന മിന്നാരത്തിലെ നിലാവെ മായുമൊ എന്ന പാട്ടിന്റെ ഈണത്തിലുള്ള പശ്ചാത്ത സംഗീതവും തേന്മാവിന്‍ കൊമ്പത്തില്‍ ഏറെ ഇഷ്ടമുള്ള ഒന്നാണ്.
പ്രിയദര്‍ശന്‍ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മോഹന്‍ലാലുമായി ഓരൊ സിനിമകള്‍ ചെയ്യുമ്പോഴും അത് വരെ കാണാത്ത പുതിയ ചില ഭാവങ്ങള്‍ മോഹന്‍ലാലില്‍ കാണാറുണ്ടെന്ന്.

പ്രിയദര്‍ശന്റെ ആ അഭിപ്രായം അക്ഷരംപ്രതി ശരി വെയ്ക്കുന്നതാണ് തേന്മാവിന്‍ കൊമ്പത്തിലെ ചില രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം. അതിലൊന്നാണ് പപ്പുവിന്റെ കഥാപാത്രം ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’ എന്നൊക്കെ പറയുമ്പോള്‍ മോഹന്‍ലാലിന്റെ മാണിക്യന്‍ അതിന് കൊടുക്കുന്ന റിയാക്ഷന്‍, ഒന്നും മനസിലാകാതെ വാ പൊളിച്ച് നിന്ന് ‘ഇയാളിത് എന്തോന്ന് പറയുന്നത്’ എന്ന ഭാവം, ഗംഭീരമാണത്.

ഇന്നത്തെ ട്രോളുകളില്‍ ഏറ്റവും കൂടുതല്‍ നിറയുന്നതും മേല്‍പ്പറഞ്ഞ ലാല്‍ ഭാവങ്ങള്‍ തന്നെയാണ്. ഭാഷ അറിയാത്തത് കൊണ്ട് ഒരു ചായയുടെ കാശ് മാത്രം എടുത്താല്‍ മതിയെന്ന് കടക്കാരനോട് പറഞ്ഞ് മനസിലാക്കാന്‍ കഴിയാതെയുള്ള നിസ്സഹായതയുടെ ഭാവം, ലേലു അല്ലു രംഗത്തിലെ നാണക്കേടിന്റെ ഭാവം,ഇതെല്ലാം മുമ്പെങ്ങും കാണാത്ത ലാല്‍ ഭാവങ്ങളായിരുന്നു.

നിസ്സഹായതയുടെയും നാണക്കേടിന്റെയും ഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അതൊക്കെ പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുകയും ചെയ്തു എന്നത് മോഹന്‍ലാലിലെ അസാമാന്യ പ്രതിഭയെ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നതാണ്.

മോഹന്‍ലാലിനെ കൂടാതെ ശോഭന, നെടുമുടിവേണു, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ, KPAC ലളിത,സോണിയ, ശങ്കരാടി തുടങ്ങിയ നടീനടന്മാരൊക്കെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കാട്ടില്‍ വെച്ചുള്ള രംഗങ്ങളില്‍ വന്ന് പോകുന്ന പേരറിയാത്ത നടന്മാരുടെ മുഖം വരെ തേന്മാവിന്‍ കൊമ്പത്ത് കണ്ടവര്‍ മറക്കില്ല. ഇതില്‍ വലിയയൊരു അവസരം ലഭിച്ചത് പഴയകാല നടി ഖദീജയ്ക്കാണ്, മലയാളത്തിലെ ഏറ്റവും പൊട്ടിച്ചിരി സൃഷ്ടിച്ച ശ്രീഹള്ളി രംഗത്തില്‍ മോഹന്‍ലാലിനോടൊപ്പം ഭാഗമാകുവാന്‍ അവര്‍ക്ക് സാധിച്ചു.

മോഹന്‍ലാല്‍-ശോഭന ജോഡിക്ക് നിറഞ്ഞാടാനുള്ള ഒരുപാട് രംഗങ്ങളും തേന്മാവിന്‍ കൊമ്പത്തില്‍ ഉണ്ടായിരുന്നു. സാധാരണ മിക്ക പ്രിയന്‍-ലാല്‍ സിനിമകള്‍ക്കുള്ള ആ പ്രത്യേകത തേന്മാവിന്‍ കൊമ്പത്തിനും ഉണ്ടായിരുന്നു, വീണ്ടും വീണ്ടും സിനിമ കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന പ്രത്യേകത.

തേന്മാവിന്‍ കൊമ്പത്തിന്റെ സവിശേഷതകളിലൊന്ന് ഗിരീഷ് പുത്തഞ്ചേരി-ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ശ്രവണസുന്ദരമായ പാട്ടുകളായിരുന്നു. മാഗ്‌ന സൗണ്ട് റിലീസ് ചെയ്ത പാട്ടുകളെല്ലാം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

ഇതില്‍ ഏറ്റവും പോപ്പുലര്‍ ആയ പാട്ട് എം.ജി.ശ്രീകുമാറും ചിത്രയും മനോഹരമായി ആലപിച്ച ‘കറുത്ത പെണ്ണേ’ ആയിരുന്നു. രാമായണക്കാറ്റ് പോലെ തൊണ്ണുറുകളിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ് ‘കറുത്ത പെണ്ണേ’ എന്ന് നിസംശയം പറയാം. തിയേറ്ററുകളില്‍ ഈ പാട്ടിന് കിട്ടിയ കൈയ്യടികള്‍ ആ ജനപ്രിയത വിളിച്ചോതുന്നതാണ്.

കറുത്ത പെണ്ണേ’ പാട്ട് ശരിക്കും ആ സിനിമയ്ക്ക് വേണ്ടി ഈണമിട്ട ഒന്നല്ല. രഞ്ജിനി കാസറ്റ്‌സിന് വേണ്ടി ബേണി-ഇഗ്‌നേഷ്യസ്-എം.ജി.ശ്രീകുമാര്‍ ടീം ഒന്നിച്ച 1991ലെ ഓണപ്പാട്ട് ആല്‍ബത്തിലെ ഒരു പാട്ടായിരുന്നു ‘കറുത്ത പെണ്ണേ’.

ആ പാട്ടിന്റെ പല്ലവിയിലെ അതേ വരികളും ഈണവുമാണ് തേന്മാവിന്‍ കൊമ്പത്തില്‍ ഉള്ളത്. എന്നാല്‍ അനുപല്ലവിയിലെ വരികളും ഈണവും പുതിയതായി കൂട്ടി ചേര്‍ക്കുകയും ചെയ്തു. രഞ്ജിനി കാസറ്റ്‌സ് റിലീസ് ചെയ്ത ഉള്ളടക്കത്തിന്റെ ഓഡിയൊ കാസറ്റില്‍ ഈ ഓണം ആല്‍ബത്തിന്റെ പരസ്യം ഉണ്ടായിരുന്നു. അപ്പോഴാണ് കറുത്ത പെണ്ണേ പാട്ട് ആദ്യമായി കേട്ടതും.


തേന്മാവിന്‍ കൊമ്പത്തിലെ മറ്റൊരു മനോഹരമായ പാട്ട് ആയിരുന്നു ‘കള്ളി പൂങ്കുയിലേ’..ലളിതമായ വരികളാല്‍, വശ്യമായ ഈണത്താല്‍ സിനിമയുടെ കഥയോടും സന്ദര്‍ഭത്തിനോടും അത്രമാത്രം ഇഴുകി ചേര്‍ന്ന പാട്ടായിരുന്നു ‘കള്ളി പൂങ്കുയിലേ’. മറ്റ് മൂന്ന് പാട്ടുകളും മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും കോപ്പിയടി ആരോപണം ആ ഗാനങ്ങളുടെ മേല്‍ ഉണ്ടായിരുന്നു.

1994ലെ മികച്ച സംഗീത സംവിധായകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ബേണി-ഇഗ്‌നേഷ്യസ് നേടിയിരുന്നു. ഒപ്പം അത് വിവാദം ആകുകയും ചെയ്തു. തേന്മാവിന്‍ കൊമ്പത്തിന്റെ ഓഡിയൊ കാസറ്റ് റൈറ്റ് അന്നത്തെ റെക്കോര്‍ഡ് തുകയ്ക്ക് നേടിയ മാഗ്‌ന സൗണ്ട് കാസറ്റ് വില്‍പ്പനയിലും റെക്കോര്‍ഡ് ഇട്ടു.

ചിത്രത്തിനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാസറ്റ് വില്‍പ്പന നടന്നിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്തിന്റെതാണ്. പാട്ടുകള്‍ പോലെ തന്നെ സിനിമയോട് ചേര്‍ന്ന് നിന്ന് രംഗങ്ങള്‍ക്ക് കൂടുതല്‍ മികവ് നല്കിയവയായിരുന്നു എസ്.പി.വെങ്കിടേഷ് ഒരുക്കിയ മനോഹരമായ പശ്ചാത്ത സംഗീതവും.

തേന്മാവിന്‍ കൊമ്പത്തിനെ അതി മനോഹരമായ ഒരു സിനിമയാക്കി മാറ്റിയതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദര്‍ശനും നടീനടന്മാര്‍ക്കും ഒപ്പം തന്നെ അതിലെ മുഖ്യ സാങ്കേതിക പ്രവര്‍ത്തകരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ക്യാമറ കൊണ്ട് കവിത രചിച്ചു എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് ശരിക്കും പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞത് കെ.വി.ആനന്ദ് തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളിലൂടെയാണ്.

ഛായാഗ്രാഹകനും സംവിധായകനും ദൃശ്യ ഭംഗിയാര്‍ന്ന ഫ്രെയിമുകള്‍ ഒരുക്കാന്‍ കഥയ്ക്ക് ചേര്‍ന്ന മികച്ച പശ്ചാത്തലം തയ്യാറാക്കിയ കലാ സംവിധായകന്‍ സാബു സിറിളിന്റെ അന്നേ വരെയുള്ള ഏറ്റവും മികച്ച വര്‍ക്കായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. ഇരുവരുടെയും തേന്മാവിന്‍ കൊമ്പത്തിലെ മികച്ച വര്‍ക്ക് ദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു.

1994 ലെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് കെ.വി.ആനന്ദും മികച്ച കലാ സംവിധായകനുമുള്ള അവാര്‍ഡ് സാബു സിറിളും കരസ്ഥമാക്കി. കിലുക്കത്തിലൂടെ മലയാള സിനിമയിലെ പരമ്പരാഗത ശബ്ദലേഖനത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്കിയ ദീപന്‍ ചാറ്റര്‍ജി തേന്മാവിന്‍ കൊമ്പത്തിലും തന്റെ മികവ് പുലര്‍ത്തി.

ഗായത്രി അശോകന്‍ രൂപകല്‍പ്പന ചെയ്ത പോസ്റ്ററുകളും വളരെ മനോഹരവും ആകര്‍ഷകവും ആയിരുന്നു. രാജു-ശെല്‍വി ടീമിന്റെ നൃത്ത സംവിധാനവും ത്യാഗരാജന്റെ സംഘട്ടന സംവിധാനവും സിനിമയ്ക്ക് ഭംഗി നല്കിയ മറ്റ് ഘടകങ്ങളാണ്.

രണ്ട് ദേശീയ അവാര്‍ഡുകള്‍ കൂടാതെ 1994ലെ ഏറ്റവും ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമ അവാര്‍ഡ് അടക്കം മൊത്തം അഞ്ച് കേരള സംസ്ഥാന അവാര്‍ഡുകള്‍ തേന്മാവിന്‍ കൊമ്പത്ത് വാരിക്കൂട്ടി. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് തേന്മാവിന്‍ കൊമ്പത്ത് റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴ് റീമേക്കായ രജിനികാന്തിന്റ മുത്തു തേന്മാവിന്‍ കൊമ്പത്ത് നേടിയ പോലെ തന്നെ വലിയ വിജയം നേടുകയും ചെയ്തു.

പ്രിയദര്‍ശന്‍ സിനിമകള്‍, അതൊരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മ ആയിരുന്നു, ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും. ക്യാമറയ്ക്ക് മുന്നില്‍ സ്ഥിരമായി മോഹന്‍ലാല്‍, ശങ്കര്‍, ശ്രീനിവാസന്‍, മുകേഷ്, രാജു തുടങ്ങിയവരുടെ യുവനിര. ക്യാമറയ്ക്ക് പിന്നില്‍ എസ്.കുമാര്‍, സാബു സിറിള്‍, എം.ജി.ശ്രീകുമാര്‍ തുടങ്ങിയവരുടെ നിര.

എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ യുവനിരയുമായി തലമുറകളുടെ വ്യത്യാസം ഉള്ള ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ ഈ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഉണ്ടായിരുന്നു. എഡിറ്റര്‍ ആയ എന്‍.ഗോപാലകൃഷ്ണന്‍,തേന്മാവിന്‍ കൊമ്പത്തിന്റെ നിര്‍മ്മാതാവ്.

പ്രിയദര്‍ശന്റെ ആദ്യ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഭൂല്‍ ഭൂല്ലയ്യ വരെയുള്ള ഒട്ടുമിക്ക മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍.ഗോപാലകൃഷ്ണനാണ്. പ്രിയദര്‍ശന്‍ സിനിമകളിലെ ഹാസ്യ രംഗങ്ങളും പ്രണയ രംഗങ്ങളും ഗാന രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഒക്കെ തിയേറ്ററില്‍ ആഘോഷമാക്കുന്നതില്‍ ഇത്രമാത്രം പ്രിയങ്കരമാക്കുന്നതില്‍ എന്‍.ഗോപാലകൃഷ്ണന്റെ എഡിറ്റിങ്ങ് പാറ്റേണ്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിലെ 27 A ക്ലാസ് തിയേറ്ററുകളില്‍ മെയ് 13ന് റിലീസ് ചെയ്ത തേന്മാവിന്‍ കൊമ്പത്ത് മികച്ച അഭിപ്രായത്തോടെവന്‍ ഇനീഷ്യല്‍ കളക്ഷനും ലോങ്ങ് റണ്ണും നേടി 1994 ല്‍ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമയായി മാറി. ചെറുപ്പക്കാരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിച്ച തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസവും 9 തിയേറ്ററുകളില്‍ 100 ദിവസവും 3 തിയേറ്ററുകളില്‍ 125 ദിവസവും 1 തിയേറ്ററില്‍ 150 ദിവസവും പ്രദര്‍ശിപ്പിച്ചു.

A ക്ലാസ് തിയേറ്ററുകളിലെ പോലെ തന്നെ വളരെ വലിയ വിജയമാണ് B,C ക്ലാസ് തിയേറ്ററുകളിലും തേന്മാവിന്‍ കൊമ്പത്തിന് ലഭിച്ചത്. ഈ സിനിമ വിഷുവിന് റിലീസായിരുന്നുവെങ്കില്‍ കിലുക്കത്തിന്റെയും മണിച്ചിത്രത്താഴിന്റെയും ഒക്കെ കളക്ഷന്‍ റെക്കോര്‍ഡ് പഴങ്കഥ ആകുമായിരുന്നു. താരതമ്യേന ചെറിയൊരു വിതരണ കമ്പനിയായ സൂര്യ സിനി ആര്‍ട്‌സിലൂടെ റിലീസ് ചെയ്തിട്ടും മൂന്നാം വാരം മുതല്‍ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും തേന്മാവിന്‍ കൊമ്പത്ത് നേടിയ ഈ ബ്ലോക്ബസ്റ്റര്‍ വിജയം അതിന്റെ ജനപ്രീതിയെ അടിവരയിട്ട് സൂചിപ്പിക്കുന്നു.

എന്റെ നാട്ടിലും തേന്മാവിന്‍ കൊമ്പത്ത് നൂറ് ദിവസത്തോളം പ്രദര്‍ശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നാല് പ്രാവശ്യം സിനിമ കാണുകയും ചെയ്തു. മുപ്പതിലധികം സിനിമകളിലൂടെ സഞ്ചരിച്ച് പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് ഇന്ന് എത്തി നില്ക്കുന്നത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച മരക്കാര്‍ എന്ന സിനിമയിലാണ്.

മരക്കാരിലൂടെ കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ദൃശ്യവിസ്മയം പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് പ്രേക്ഷകര്‍ക്കായി സമ്മാനിക്കുമെന്നും, ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ രചിക്കുമെന്നും, മലയാള സിനിമയുടെ കീര്‍ത്തി ഒരിക്കല്‍ കൂടി ഇന്ത്യയൊട്ടുക്കും അലയടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thenmavin Kombath Actor Mohanlal Priyadarshan Kuthiravattom Pappu Shobhana Nedumudi Venu Sreenivasan Safeer Ahammed Writes

സഫീര്‍ അഹമ്മദ്‌

We use cookies to give you the best possible experience. Learn more