| Friday, 29th March 2019, 10:21 pm

കൈകോര്‍ത്ത് പിടിച്ച് മരത്തലപ്പുകളിലൂടെ നടക്കാം,തെന്മല കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നു ടോമി

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിലെ തെന്മല. പശ്ചിമഘട്ടത്തിന്റെ താഴ്വരയില് സ്ഥിതി ചെയ്യുന്ന തെന്മല വിനോദസഞ്ചാരികള്‍ക്ക് മനംനിറയ്ക്കും കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്.ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ ഇങ്ങനെ മേഖലകളായി തിരിച്ചാണ് ഇവിടുത്തെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

ശലഭങ്ങള്‍ക്കായുള്ള ഉദ്യാനമാണ് മറ്റൊരു പ്രത്യേകത.കേരളത്തില്‍ കാണപ്പെടുന്ന 300ല്‍ പരം ശലഭങ്ങളില്‍ ഏതാണ്ട് 120ഓളം ശലഭങ്ങള്‍ തെന്മലയിലെ ശലഭപാര്‍ക്കില്‍ കാണാം. ശലഭ ഉദ്യാനത്തോടു ചേര്‍ന്നു തന്നെയാണ് നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു.

തെന്മലയിലെ ഏറ്റവും ആകര്‍ഷകം ഏതെന്ന് ചോദിച്ചാല്‍ അത് കാടിനുള്ളിലൂടെയുള്ള നടപ്പാതയാണെന്ന് നിസ്സംശയം പറയാം.
വൃക്ഷങ്ങളുടെ മുകളില്‍ കെട്ടിയുയര്‍ത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. ഡെക് പ്ലാസയില്‍ തുടങ്ങുന്ന യാത്ര പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വരെ നീളുന്നു.മൗണ്ടന്‍ ബൈക്കിങ്ങ്, മലകയറ്റം, റിവര്‍ ക്രോസിങ്ങ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് തെന്‍മലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് കുളത്തൂപ്പുഴ വഴിയും ഇവിടേയ്ക്ക് എത്തിച്ചേരാം. സ്വന്തം വാഹനത്തില്‍ തെന്മല വരെ ചെല്ലാന്‍ സാധിക്കും.
വിവരങ്ങള്‍ക്കും ബുക്കിംഗിനും തെന്മല ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം.
0475-2344800/2344855

We use cookies to give you the best possible experience. Learn more