തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം
Kerala News
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 11:38 am

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

ഇരു പ്രതികള്‍ക്കും തൂക്ക് കയര്‍ നല്‍കണമെന്നായിരുന്നു അനീഷിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നത്.

302, 506 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ ശിഷ വിധിച്ചത്. പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നും ആസൂത്രിത കൊലപാതകത്തിന്റെയോ ഗൂഢാലോചനയോ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിയില്‍ പറയുന്നുണ്ട്.

51 സാക്ഷികളെയാണ് കോടതി വിസ്തരിച്ചിരുന്നത്. സാക്ഷി മൊഴികളും മറ്റ് തെളിവുകളും കൃത്യമായി തന്നെ കോടതിയെ ധരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം.

2020 ക്രിസ്തുമസ് ദിനത്തിലാണ് ഇതര ജാതിയില്‍പ്പെട്ട അനീഷിനെ മകള്‍ ഹരിത കല്ല്യാണം കഴിച്ചതിന് പ്രതികള്‍ രണ്ട് പേരും അനീഷിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്.

സാമ്പത്തികമായി ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്ന ഹരിത അനീഷിനെ കല്ല്യാണം കഴിച്ചതിന് വീട്ടുകാരില്‍ വൈരാഗ്യം സൃഷ്ടിക്കുകയും പിന്നാലെ ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവാഹ ശേഷം 88ാം ദിവസമാണ് അനീഷിനെ ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.

 

Updating…

Content Highlight: Thenkurissi honor killing; Accused get life imprisonment