national news
എങ്കില്‍ താങ്കള്‍ ഗംഗയിലെ വെള്ളം കുടിച്ച് കാണിക്കൂ; യോഗിയെ വെല്ലുവിളിച്ച് ഗായകന്‍ വിശാല്‍ ദദ്‌ലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 21, 09:57 am
Friday, 21st February 2025, 3:27 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഗംഗയിലെ വെള്ളം കുടിച്ചുകാണിക്കാന്‍ വെല്ലുവിളിച്ച് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി. കുംഭമേളയില്‍ വിശ്വാസികള്‍ കുളിക്കുന്ന ജലത്തില്‍ മലമൂത്ര വിസര്‍ജ്യത്തിന്റെ സാന്നിധ്യം കാണിക്കുന്ന ഫീക്കല്‍ കോളിഫോം ബാക്ടീരിയയുണ്ടെന്ന ദേശീയ മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് യോഗി തള്ളിയതിന് പിന്നാലെയാണ് ദദ്‌ലാനിയുടെ വിമര്‍ശനം.

വെറുക്കുന്നവരെ താങ്കള്‍ കാര്യമാക്കേണ്ടെന്നും ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്നും അതിനാല്‍ താങ്കള്‍ ഗംഗയില്‍ നിന്നും വെള്ളം കുടിക്കുന്നത് ക്യാമറിയില്‍ പകര്‍ത്തൂവെന്നും ദദ്‌ലാനി പറയുന്നു. ദദ്‌ലാനിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വിമര്‍ശനം.

നിരവധി പേര്‍ കുംഭമേളയില്‍ പങ്കെടുത്ത് വയറിളക്കവും കോളറയും ബാധിക്കുന്നത് താങ്കള്‍ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ താങ്കള്‍ക്ക് എന്തോ പ്രത്യേകതയുണ്ടെന്നും നിങ്ങളും കുംടുംബവും മലിനജലത്തില്‍ മുങ്ങണമെന്നും കൂടുതല്‍ ശക്തി പ്രാപിക്കട്ടേയെന്നും വിശാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ വിശാല്‍ ദദ്‌ലാനി കുംഭമേളയെയും പരിഹസിച്ചിരുന്നു.

മഹാ കുംഭമേള നടക്കുന്ന വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉണ്ടെന്ന റിപ്പോര്‍ട്ട് തള്ളിയ യോഗി ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ അനുയോജ്യമാണെന്നും നിയമസഭയില്‍ പറഞ്ഞിരുന്നു.

ത്രിവേണി സംഗമത്തിന് സമീപത്തായുള്ള മുഴുവന്‍ പൈപ്പുകളും ഡ്രെയിനേജുകളും അടച്ചിട്ടുണ്ടെന്നും ശുദ്ധീകരിച്ച ശേഷം മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളുവെന്നുമായിരുന്നു യോഗിയുടെ വാദം.

ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴിയാണ് വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, വെള്ളത്തില്‍ ഫീക്കല്‍ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റാണ്. എന്നാല്‍ അനുവദനീയമായ അളവിലും കൂടുതലാണ് പ്രയാഗ് രാജിലെ ഫീക്കല്‍ കോളിഫോമിന്റെ അളവ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 3.09 ദശലക്ഷം വിശ്വാസികളാണ് പുണ്യസ്നാനത്തിനായി പ്രയാഗ് രാജിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് സമാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: Then you drink the water of the Ganga and show it; Singer Vishal Dadlani challenged Yogi