ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനം തന്നെ ക്രിയാത്മക വിമര്‍ശനം ആണെന്നിരിക്കെ, ഒരു ഭൂരിപക്ഷ ഭരണകൂടം ആദ്യം ചെയ്യുക പ്രതികരണ സ്വാതന്ത്ര്യം എടുത്തു മാറ്റുകയെന്നതാണ്. പക്ഷെ, പ്രതിഷേധം സ്വയം ആവിഷ്‌കരിക്കപ്പെടാനുള്ള വഴി എപ്പോഴും കണ്ടെത്തും. ഒരു ശ്വാസത്തില്‍, ഒരു വാക്കില്‍, അത് കട്ടു കടത്തപ്പെടും. ധീരമായ നിമിഷങ്ങളില്‍ അത് സമരാഹ്വാനങ്ങളായും വിപ്ലവ പ്രസംഗങ്ങളായും കേട്ടേക്കും.
ശ്രീലങ്കയിലെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ ആഭ്യന്തര യുദ്ധത്തിന് സാംസ്‌കാരിക സാക്ഷ്യം വഹിച്ച പ്രധാന പ്രതിരോധ മാധ്യമം കവിതകള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. ആദ്യകാലങ്ങളില്‍ അവ സമരമുഖങ്ങളിലും റാലികളിലും ഉറക്കെ ചൊല്ലിയിരുന്നു. പിന്നീട്, ഭരണകൂടം അതിന്റെ പിടി മുറുക്കുകയും, ഈളം എന്ന് പറഞ്ഞു എല്‍.ടി.ടി.ഇ. സ്വന്തം കുഴി തോണ്ടുകയും ചെയ്ത സാഹചര്യത്തില്‍ സാഹസികമായി കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും, രഹസ്യമായി കൈമാറുകയും അന്നാട്ടിലെ ഭയാനക സാഹചര്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള ചുരുക്കം ചില വഴികളില്‍ ഒന്നെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
തങ്ങളുടെ ജീവിതവും ലോക വീക്ഷണവും പൂര്‍ണമായും നാട്ടിലെ ആഭ്യന്തര യുദ്ധത്താല്‍, അതിന്റെ രാഷ്ട്രീയ സാമൂഹ്യ അസ്ഥിരതകളാല്‍, കെടുതികളാല്‍, മുറിവുകളാല്‍ മാത്രം മാത്രം നിര്‍ണീതമായിരുന്ന ഒരു തലമുറയിലെ തമിഴ് കവിയാണ് പാ. അഹിലന്‍. തന്റെ കവിതകളിലൂടെ ഇതിനു ബദലായി വാക്കുകള്‍ കൊണ്ടൊരോര്‍മ കുറിച്ചിടാനാണ്, ഒരേ സമയം സ്വകാര്യവും ആഴത്തില്‍ രാഷ്ട്രീയപരവുമായ കവിതാരീതി പിന്തുടരുക വഴി അദ്ദേഹം ശ്രമിക്കുന്നത്.
തമിഴില്‍ ഇറക്കിയ അദ്ദേഹത്തിന്റെ മൂന്നു കവിതാസമാഹാരങ്ങളും രൂപപരമായ പുതുമകളോടൊപ്പം ‘ഭാഷയിലൂടെ സാക്ഷ്യം വഹിക്കുക’ എന്ന ശ്രമകരമായ കര്‍മത്തെ സാധ്യമാക്കുക കൂടി ചെയ്യുന്നു. ‘പിന്നെ, അവിടെ സാക്ഷികള്‍ ഇല്ലായിരുന്നു’ (Then There Were No Witnesses) അഹിലന്റെ ആദ്യ ദ്വിഭാഷാ കവിതാ സമാഹാരമാണ്. ഗീതാ സുകുമാരനാണ് ഈ കവിതകള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ദീര്‍ഘമായ യുദ്ധം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഉണ്ടായ കവിതകളുടെ ഭാഷയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതും സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്നത്തിന്റെ സൗന്ദര്യാത്മകമായ അടിയൊഴുക്കകളോട് ആഴത്തില്‍ സംവദിക്കുന്നതുമാണ് ഗീതാ സുകുമാരന്റെ വിവര്‍ത്തനങ്ങള്‍.
തനിക്ക് സമകാലീനരായ മറ്റു പല കവികളെയും പോലെ അഹിലന്‍ ശ്രീലങ്ക വിട്ടു പോയില്ല. കലാപകാലത്ത് മുഴുവന്‍ ജാഫ്നയില്‍ തന്നെ ജീവിച്ച അദ്ദേഹത്തിന്റെ കവിതകള്‍, സംഘര്‍ഷത്തിന്റെ വിവിധ കാലങ്ങളിലൂടെ വായനക്കാരെ സാക്ഷികളെപ്പോലെ മുന്നോട്ട് നയിക്കുന്നവയാണ്. സാക്ഷിയാവാന്‍ ഇവിടെ ഒട്ടും അരാഷ്ടീയമായ രേഖപ്പെടുത്തലല്ല. ചതികളുടെ ചോര പുരണ്ടതും ജീവിതത്തിന്റെ ശ്വാസം മുട്ടി നീലിച്ചതുമായ ഭാഷയിലൂടെ, മാനസികവും ശാരീരികവുമായ മുറിവുകളെയും നഷ്ടങ്ങളെയും തുറന്ന് വെക്കുന്ന പ്രക്രിയയാണ് ഈ സാക്ഷ്യം വഹിക്കല്‍. ചരിത്രത്തിന്റെ ഭാരവും, അത്യന്തം നിരാശാജനകമായ കാലത്തിന്റെ ബാധ്യതയും പേറുന്നവയാണ് ഈ കവിതകള്‍. അഹിലന്‍ എഴുതുന്നു:
യോദ്ധാക്കള്‍ പോര്‍ക്കളത്തിലാണ്
മരണമില്ലാത്തവര്‍ സമാധാനത്തിലും –
സാക്ഷ്യം വഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കിടയില്‍
ഞാന്‍ കൂനിക്കൂടിയിരുന്നു.
സാക്ഷത്തിന്റെ കവിത പുതിയ അടയാളവഴികളിലൂടെയും വ്യത്യസ്ത അനുരണങ്ങളിലൂടെയും ഓടി നടക്കുന്നു.
‘മഹാ പ്രാചീന നഗരം’ എന്ന കവിതയില്‍ ജാഫ്ന നഗരത്തിന്റെ പഴംപേരായ യാഴ്പ്പണത്തിനു പിന്നിലെ ഐതിഹ്യം വീണ്ടും വായിക്കുന്നു. യാഴ് എന്ന സംഗീതോപകരണം മീട്ടി, തന്റെ നഗരവും തന്റെ സംഗീതവും ദുഃഖത്തില്‍ മുങ്ങിപ്പോയതിനെക്കുറിച്ചു പാടിയ, അന്ധനായ പാഡി എന്ന പാണന് സമ്മാനം കിട്ടിയതാണ് യാഴ്പ്പണം. അഹിലന്‍ എഴുതുന്നു:
വമ്പന്‍ നഗരം, മൂകം
ഒക്കെ കണ്ട്,
അവനവന്‍ സാക്ഷിയായി
1996-97 കാലത്തു ജാഫ്നയ്ക്കടുത്തുള്ള ഒരു ഉപ്പളത്തില്‍ ശ്രീലങ്കന്‍ സൈന്യം അനേകം കൊലകള്‍ നടത്തുകയും അനവധി മൃതദേഹങ്ങള്‍ പിന്നീട് അവിടെ നിന്നും കണ്ടെത്തുകയും ചെയ്ത സംഭവത്തിന് ശേഷം രചിച്ച സെമ്മണി എന്ന് പേരിട്ട കവിതാ പരമ്പരയില്‍ ഒരു വാക്കും പറയാന്‍ അനുവാദമില്ലാത്ത, സാധ്യമല്ലാത്ത ഒരവസ്ഥയില്‍ സാക്ഷ്യം വഹിക്കുന്ന വിധം അവതരിപ്പിക്കുന്നു. സംസാരത്തിന്റെ അസാധ്യതയില്‍ നിന്നാണ് ഇവിടെയൂം സാക്ഷിയാവുന്ന പ്രക്രിയ തുടങ്ങുന്നത്.
ഭരണകൂടം മായ്ചുകളഞ്ഞ വിടവില്‍, ജീവനുള്ളതും മരിച്ചതുമായ എല്ലാറ്റിനും, രാഷ്ട്രത്തിനു സ്വീകാര്യമല്ലാത്ത ഓര്‍മിക്കലുകളെ നിരോധിച്ചിരിക്കുന്നു കാലത്തു, നേര്‍മ്മയുള്ള ഒന്നുമില്ലായ്മയായി തീര്‍ന്ന ഓര്‍മ്മകള്‍ കൊണ്ട്, നിത്യത നെയ്തെടുക്കുന്ന ജോലികൂടിയാണത്. അഹിലന്‍ എഴുതുന്നു:
പൊയ്പോയ ഘോര ദിനങ്ങളുടെ
ചാരം തൊടാന്‍
ഇവിടെ ആരുമില്ല.
ഉപ്പളത്തിലെ
കറുകറുത്ത വെള്ളത്തില്‍
പുല്ലു കിളിര്‍ക്കാത്ത
ഇവിടെ.
ആ നശിച്ച മനുഷ്യരുടെ
ദേഹം
അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നവരുടെ
കണ്ണീരാല്‍
വരളാതെ കിടക്കുന്ന ഇവിടെ.ഞാനൊരു സ്മാരകം പണിയുന്നു
കല്ലുകൊണ്ടല്ല,
വെള്ളം കൊണ്ടല്ല,
എന്നെ എന്നേക്കും പിന്തുടരുന്ന
ശബ്ദമുള്ള
വായു കൊണ്ട്.
ജാഫ്ന സര്‍വകലാശാലയില്‍ കലാചരിത്ര വിഭാഗത്തിലെ മുതിര്‍ന്ന അദ്ധ്യാപകനും, ദൃശ്യസംസ്‌കാര ചരിത്രത്തിലെ ഗവേഷകനും കൂടിയായ അഹിലന്‍, തന്റെ കവിതകളില്‍ ഇഴചേര്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ, ദൃശ്യകലയിലെ താല്പര്യം അദ്ദേഹത്തിന്റെ ഭാഷയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
അദ്ദേഹത്തിന്റെ കവിതകളില്‍, പ്രത്യേകിച്ച് യുദ്ധത്തിന്റെ അവസാന നാളുകളിലെ കവിതകളില്‍, ‘ശാരീരിക അമിതത്വത്തിന്റെ നികൃഷ്ട ഓര്‍മകള്‍ ‘ (abject memories of bodily excess) ധാരാളം കടന്നുവരുന്നുണ്ടെന്നു ഗീതാ സുകുമാരന്‍ ചൂണ്ടിക്കാട്ടുന്നു. 2009 ലെ കനത്ത നാശം’ എന്ന കവിതയില്‍ ഈ ദൃശ്യങ്ങളുടെ സാന്നിധ്യം ഏറ്റവും പ്രകടമാണ്. സാക്ഷ്യത്തിന്റെ ഭാരം വായനക്കാരിലേക്ക് കൂടി ഇറക്കി വെക്കുന്ന ഈ ഭാഗം വായിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാണ്.
യുദ്ധത്തിനിടയില്‍ ജീവിക്കുന്നതിന്റെ ആഘാതങ്ങള്‍ വരച്ചിടാന്‍, ശൈലീപരമായ നൂതന വിദ്യകളുടെ ഉപയോഗവും, സാമ്പ്രദായിക സാഹിത്യ രൂപങ്ങളുടെ വിപരീത പ്രയോഗങ്ങളും സ്വീകരിക്കുന്നത് അഹിലന്റെ കാവ്യപ്രതിഭയുടെ സവിശേഷതയാണ്. ‘182 ആം നമ്പര്‍ മൃതദേഹവും രണ്ടാം നമ്പര്‍ ജനനവും’ എന്ന കവിതയില്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മരിച്ച ഒരു സ്ത്രീയുടെ വയറ്റിലെ കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്ന സാഹചര്യം പരാമര്‍ശിക്കുന്നു. ഈ കവിതയുടെ തീര്‍ത്തും ഋജുവായ, വസ്തുനിഷ്ഠമായ ആഖ്യാനം, ഒരു ആശുപത്രി രേഖകളോ, മോര്‍ച്ചറിയില്‍ കുറിപ്പുകളോ പോലെയാണ് നമുക്ക് അനുഭവപ്പെടുക.
എന്നാല്‍ അത് യുദ്ധത്തിന്റെ ആഴമേറിയ ഹിംസ വെളിപ്പെടുത്തുകയും ചെയ്യുന്നു. യുദ്ധം പകര്‍ത്താന്‍ ഇതല്ലാതെ മറ്റു വഴികള്‍ ഉണ്ടോ എന്ന് നാം ആശങ്കപ്പെടുന്നു. നമ്മുടെ തൊണ്ടവരളുന്നത് അനുകരിക്കും പോലെ വരണ്ടുണങ്ങിയ ഭാഷയ്ക്ക് മാത്രമേ ഏറ്റവും കഠിനമായ സത്യങ്ങളെ ആവിഷ്‌ക്കരിക്കാനാവൂ? ഏറ്റവും ക്രൂരമായ ഹിംസയെക്കുറിച്ച് സംസാരിക്കാന്‍ ശരീരത്തെയും അതിലെ മുറിവുകളെയും കുറിച്ചുള്ള അകന്ന ഭാഷയിലല്ലാതെ സാധിക്കില്ല എന്ന് ഈ കവിതകള്‍ പറയുന്നു. സാക്ഷ്യം വഹിക്കുക എന്നതിന്റെ പറയപ്പെടാത്ത ആഘാതം, ഈ കവിതകള്‍ ഭാഷയില്‍ പൊതിഞ്ഞു അതിനകത്തു രഹസ്യമായി കൊണ്ട് നടക്കുന്നു.
അവരിന്നൊരു കാലു കൊണ്ടുവന്നു –
അതിന്റെ നാറ്റം,
മനുഷ്യന് സഹിക്കാവുന്നതിനും അപ്പുറം.
സുരക്ഷയ്ക്കുപ്പായം അണിഞ്ഞ്,
ഒലിക്കുന്ന ചലത്തിനായി
ഒരു പാത്രവും
അഴുകുന്ന മാംസത്തിന്
മറ്റൊന്നും മാറ്റിവെച്ച്,
പുളയ്ക്കുന്ന പുഴുക്കളെ എടുത്തുമാറ്റാന്‍
ചെറു ചവണയുമായി ഞാനിരുന്നു.അത്ഭുതകരമല്ലേ ഇത്?
ആ കാലിനു ഒരു തലയുണ്ടായിരുന്നു.
തലയ്ക്ക് രണ്ടു കണ്ണുകളും.
ചരമകവിതകള്‍ എന്ന രണ്ടാമത്തെ പുസ്തകത്തിലെ കവിതകള്‍ യുദ്ധം ഏല്‍പ്പിച്ച കനത്ത ആഘാതത്തെ കുറിക്കാന്‍ സാമ്പ്രദായിക വിലാപകാവ്യങ്ങളുടെ രൂപം തലകുത്തനെ ഉപയോഗപ്പെടുത്തുന്നു. ഈ പുസ്തകത്തിന് ഗീതാ സുകുമാരന്‍ എഴുതിയ ആമുഖം ഈ കാവ്യരൂപത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു.
‘മരിച്ചു 31 ആം നാള്‍ നടത്തുന്ന ചടങ്ങുകളില്‍ കല്‍വെട്ടു എന്നു പേരുള്ള വിലാപങ്ങള്‍ പാടുന്നത് സാധാരണയാണ്. കല്‍വെട്ട് എന്ന വാക്ക്, കല്ലില്‍ ലിഖിതങ്ങള്‍ എഴുതിവെക്കുന്നതിനെ കുറിക്കുന്നു. ഒപ്പം, ഒരു കല്ലിനെ മൃതദേഹം പോലെ കാണുന്നതും കൂടിയാണ് ഈ ചടങ്ങ്.
ചരമകവികള്‍ എന്നറിയപ്പെടുന്ന കവികള്‍ വീട്ടുകാരില്‍ നിന്നും മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച അതുള്‍ക്കൊള്ളിച്ച് വിലാപകവിതകള്‍ രചിക്കും. പണ്ട് കാലത്ത് ഓലകളില്‍ കുറിച്ചിരുന്ന ഈ കവിതകള്‍ ഇപ്പോള്‍ ചെറിയ പുസ്തകങ്ങളാണ് പ്രചരിപ്പിക്കുന്നു. ഒരാളുടെ മരണ നാള്‍, വരളാറ് എന്ന് വിളിക്കുന്ന ചെറിയ ജീവചരിത്രം, വീട്ടുകാരുടെ കരച്ചില്‍ (പുലമ്പല്‍) എന്നിവ കൂടാതെ മതപരമായ ശ്ലോകങ്ങളോ, തത്വചിന്താപരമായ കവിതകളോ (തേത്രം) ഇവയില്‍ ഉണ്ടാകും”.
സാക്ഷിയാവാന്‍ അഹിലന്‍ ഉപയോഗിക്കുന്നത് ഈ വിലാപകാവ്യരീതി തന്നെയാണ്. പ്രിയപ്പെട്ടവരുടെ മരണത്തെ മറികടക്കുന്ന ദുഷ്‌കരവൃത്തിയല്ല കവിക്ക് വിലാപകാവ്യം. മറിച്ച്, അപ്രധാനമോ, രാജ്യദ്രോഹപരമോ ആയി വ്യാഖ്യാനിക്കപ്പെട്ടു ഓര്‍മകളെ, അരികുകളില്‍ ജീവിക്കുന്ന ജീവിതങ്ങളെ ഓര്‍ക്കാനുള്ള മാധ്യമമാണിത്. മറക്കാന്‍ വിസമ്മതിക്കുന്ന, വിഷാദത്തിന്റെ ആവിഷ്‌കരണമാണ് കവിതയിവിടെ. മിഥുനം എന്ന പേരിലുള്ള കവിതാപരമ്പരയില്‍ കവിയുടെ രൂപത്തിന് മേലുള്ള പരീക്ഷണങ്ങള്‍ വ്യകതമായി കാണാം. മിഥുനം എന്നത് സ്നേഹത്തെയും, ജീവിതത്തെയും, രതിയെയും ഒക്കെ കുറിക്കുന്ന വാക്കാണല്ലോ.
എന്നാല്‍, ഗീതാ സുകുമാരന്‍ ചൂണ്ടിക്കാട്ടിയതു പോലെ അഹിലന്‍ തന്റെ മിഥുനം കവിതകളില്‍ നികൃഷ്ടമായ (abject) ഒന്നിനെ ചിത്രീകരിക്കുന്നു. ക്രൂരമായ ഇരുളും, ചലം വമിക്കുന്ന മുറിവുകളുടെയും ശവങ്ങളുടെയും നരകതുല്യമായ ചിത്രീകരണവുമാണ് രതിയിലേര്‍പ്പെടുന്ന ശരീരങ്ങളുടെ സ്ഥാനത്ത് ഈ കവിതകളില്‍ കാണുന്നത്.
ഈ കവിതകള്‍ക്ക്, നഷ്ടപ്രണയങ്ങളും ചെറുപ്പത്തില്‍ മരിച്ചുപോയ സഹോദരിയെക്കുറിച്ചുള്ള ഓര്‍മകളും അടങ്ങുന്ന, കവിയുടെ സ്വകാര്യ ദുഃഖങ്ങള്‍ ഇവയില്‍ വെളിപ്പെടുന്നു എന്നൊരു പ്രത്യേകതയുണ്ട്. അതേസമയം, കാണാതാക്കപ്പെട്ട ഉറ്റവരെ ഓര്‍ത്തു ജീവിക്കുന്ന മനുഷ്യരുടെ ജീവിതം ഇന്നും പരിഹാരം കാണാത്ത സമസ്യയാണ് ശ്രീലങ്കയില്‍.
യുദ്ധം തീരുന്നതിനു ശേഷം, അനേകം പേരാണ് എന്തെങ്കിലും വിവരത്തിനായി ഇങ്ങനെ കാത്തിരിക്കുന്നത്. ഒരിക്കലും മനഃശാന്തി ലഭിക്കാതെ തുടരുന്ന ഒന്നാണ് ഈ കാത്തിരിപ്പ്. യുദ്ധകാലത്ത് ഒരു സമൂഹത്തിനു മുഴുവന്‍ ശുശ്രൂഷ ചെയ്ത സ്ത്രീകള്‍, ഇപ്പോള്‍ ഇതേ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ സാമൂഹ്യ സാന്നിധ്യമായി മാറിയിട്ടുണ്ട്. അഹിലന്റെ ‘അമ്മയ്’ എന്ന കവിതയില്‍ ഇത്തരം അമ്മമാരുടെ, സ്ത്രീകളുടെ അവരുടെ ഏകാന്തതയുടെ, ദുഖത്തിന്റെ, പ്രതിഷേധത്തിന്റെ ഒക്കെ ചിത്രങ്ങളുണ്ട്. കാണാതായ സ്ത്രീ (The Missing Woman) എന്ന കവിതയിലെ ഈ വരികള്‍ തന്നെ ഉദാഹരണം.
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുനീര്
ഒരായുധമായി
അനേകം മുദ്രാവാക്യങ്ങളുടെ
ശബ്ദവുമായി ചേരാന്‍
അമ്മ ഉണ്ടാക്കിയത്.
ഒരൊറ്റ ഫോട്ടോ,
ഓര്‍മകളുടെ കനത്ത ഭാരം
മറ്റൊന്നും ബാക്കിയില്ലാത്ത ഒരു വൃദ്ധ.
ഒരു ചോദ്യം,
പിന്നീടും, ഇപ്പോഴും,
നിത്യമായ ചിരിയോടെ
ഒരേയൊരു ചോദ്യം,
അവളുടെ കുഞ്ഞെവിടെ?
(2017)
(2020 ജനുവരി 17, 18, 19 തീയതികളില്‍ നടക്കുന്ന കേരളാ ലിറ്റററി ഫെസ്റ്റിവലില്‍ പാ. അഹിലന്‍ തന്റെ കവിതകള്‍ അവതരിപ്പിക്കുകയും, ചില പാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. – മൊഴിമാറ്റം: ആര്‍ദ്ര ഗിരിജ നീലകണ്ഠന്‍)