| Monday, 31st October 2022, 1:10 pm

ബാറ്റിങ്ങില്‍ പരാജയമാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഇങ്ങേര് പുലിയാണ്; സ്മിത്തിനെയും ഡി വില്ലിയേഴ്‌സിനെയും കടത്തിവെട്ടി ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ഇന്ത്യയുടെ വിജയമോഹങ്ങള്‍ക്ക് മേല്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടായിരുന്നു പ്രോട്ടീസ് ആധികാരികമായ വിജയം പിടിച്ചടക്കിയത്.

ബൗളര്‍മാരുടെ കരുത്തില്‍ ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചിട്ട സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറിന്റെയും ഏയ്ഡന്‍ മര്‍ക്രത്തിന്റെയും ബാറ്റിങ് മികവില്‍ വിജയം കണ്ടെത്തുകയായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് കയ്യിലിരിക്കവെയാണ് സൗത്ത് ആഫ്രിക്ക മറികടന്നത്. ഇതോടെ 2022 ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരാനും പ്രോട്ടീസിനായി.

കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും തോല്‍ക്കാതെ എട്ട് പോയിന്റുമായി ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതാണ് സൗത്ത് ആഫ്രിക്ക.

2011 ലോകകപ്പിന് ശേഷം ഇന്ത്യക്കെതിരെ ഏതെങ്കിലും ഐ.സി.സി ഗ്ലോബല്‍ ഇവന്റില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ജയിക്കുന്നത്. അന്ന് ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പില്‍ തോല്‍പിച്ചതിന് ശേഷം ഒറ്റ ലോകകപ്പില്‍ പോലും സൗത്ത് ആഫ്രിക്കക്ക് ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഈ ചീത്തപ്പേരും തെംബ ബാവുമയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം മാറ്റിയെടുത്തിരുന്നു.

ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിജയശതമാനമുള്ള സൗത്ത് ആഫ്രിക്കന്‍ നായകന്‍ എന്ന പദവിയും താരത്ത തേടി എത്തിയിരിക്കുകയാണ്.

ടി-20 ലോകകപ്പുകളില്‍ ബാവുമ നയിച്ച 75 ശതമാനം മത്സരത്തിലും പ്രോട്ടീസ് വിജയം സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഗ്രെയം സ്മിത്തിനെ മറികടന്നാണ് ബാവുമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

68.75 ആണ് സ്മിത്തിന്റെ വിജയ ശതമാനം. മൂന്നാമതുള്ള ഫാഫ് ഡു പ്ലസിസിന് 57.14ഉം ശേഷമുള്ള എ.ബി ഡി വില്ലിയേഴ്‌സിന് 42.85 ശതമാനം മത്സരങ്ങളിലാണ് സൗത്ത് ആഫ്രിക്കയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൗത്ത് ആഫ്രിക്കക്ക് വരും മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ സാധിക്കുമെന്നണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇതുവരെ ഒരു ലോകകിരീടം പോലും നേടാന്‍ സാധിക്കാത്ത ടീമാണ് സൗത്ത് ആഫ്രിക്ക. അതേ ഫോമില്‍ തന്നെയാണ് സൗത്ത് ആഫ്രിക്ക മുന്നോട്ട് പോകുന്നതെങ്കില്‍ ഒരുപക്ഷേ ഫൈനല്‍ കളിക്കുന്ന ഒരു ടീമാവാനും സാധ്യതയുണ്ട്.

നവംബര്‍ മൂന്നിനാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. സിഡ്‌നിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content highlight”: Themba Bavuma became the South African captain with the highest win percentage in the T20 World Cup

We use cookies to give you the best possible experience. Learn more