തെലങ്കാന: മന്ത്രിസഭയുടെ അന്തിമ തീരുമാനം ഇന്ന്
India
തെലങ്കാന: മന്ത്രിസഭയുടെ അന്തിമ തീരുമാനം ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2013, 7:55 am

[]ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭയുടെ അന്തിമ തീരുമാനം ഇന്നറിയാം.

കരട് റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് കൈമാറും. ഇതിനിടെ നിര്‍ദ്ദിഷ്ട തെലങ്കാനാ സംസ്ഥാനത്തില്‍ റായലസീമ മേഖലയില്‍ നിന്നുള്ള രണ്ട് ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന തെലങ്കാനാ മേഖലയില്‍ ടി.ആര്‍.എസ് (തെലങ്കാന രാഷ്ട്ര സമിതി) ബന്ദ് നടത്തുകയാണ്.

പത്ത് തെലങ്കാന ജില്ലകള്‍ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പുതിയ രണ്ട് ജില്ലകള്‍ കൂടി തെലങ്കാനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ടി.ആര്‍.എസിന്റെ ആരോപണം.

റായലസീമയിലെ കുര്‍ണൂല്‍, ആനന്ദ്പൂര്‍ എന്നീ ജില്ലകളാണ് പുതിയതായി തെലങ്കാനയോട് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനമായിരിക്കുന്നത്.

നേരത്തേ നിശ്ചയിച്ച പ്രകാരം തെലങ്കാന രൂപീകരണം നടക്കുന്നതോടെ ടി.ആര്‍.എസുമായി ധാരണ ശക്തമാക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍.

എന്നാല്‍ രണ്ട് ജില്ലകള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായതോടെ ടി.ആര്‍.എസ്- കോണ്‍ഗ്രസ് സഖ്യ സാധ്യത തള്ളപ്പെടുകയാണ്.

തെലങ്കാനക്കെതിരെ ടി.ഡി.പിയും (തെലുങ്ക് ദേശം പാര്‍ട്ടി) സി.പി.ഐ.എമ്മും ശക്തമായ പ്രതിഷേധത്തോടെ രംഗത്തുണ്ട്. അതേ സമയം സി.പി.ഐ തെലങ്കാനയെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്.