ഒരാളോടുള്ള വാശി തീർക്കാൻ നമ്മൾ ഏതറ്റം വരെ പോകും? മരിച്ചാലും തീരാത്ത പക എന്നൊക്കെ കേട്ടിട്ടില്ലേ. കെ.എസ്.ഇ.ബി റിട്ടയേർഡ് ഉദ്യോഗസ്ഥനായ മാധവനും കുട്ടിക്കാലം മുതലുള്ള അയാളുടെ സുഹൃത്ത് ശങ്കുണ്ണിയും തമ്മിലുള്ള അത്തരമൊരു പകയുടെ ഈഗോ ക്ലാഷാണ് തെക്ക് വടക്ക് എന്ന ചിത്രം.
കാർന്നോർമാരായി കാത്തുസൂക്ഷിക്കുന്ന കുടിപ്പകയുമായി മുന്നോട്ട് പോകുന്ന രണ്ടുപേർ. ഒന്നിച്ച് പഠിച്ച് കളിച്ച് വളർന്നവർ. ഇരുവരുടെയും സുഹൃത്തുക്കൾ അടക്കം ഒരേയാളുകൾ. പക്ഷെ തമ്മിൽ തമ്മിൽ ഒരു സംസാരം പോലുമില്ലാതെ മത്സര ബുദ്ധിയോടെയാണ് രണ്ടാളുകളും മുന്നോട്ട് പോവുന്നത്.
ഒരു സ്ഥലത്തിന്റെ പേരിൽ കോടതിയും കേസുമായി നടക്കുന്ന മാധവനും ശങ്കുണ്ണിയും ഏറ്റവും സന്തോഷം കണ്ടെത്തുന്നതും കോടതിയിൽ എത്തുമ്പോഴാണ്. മുപ്പത് വർഷത്തോളം ഒരു കേസിന് വേണ്ടി കോടതി കയറിയിറങ്ങി അതൊരു ലഹരിയായി മാറിയ വ്യക്തിയാണ് ശങ്കുണ്ണി. എങ്ങാനും കേസ് ജയിച്ചാൽ ഇനി കോടതിയിൽ വരാൻ കഴിയില്ലായെന്നാണ് രണ്ട് പേരുടെയും ചിന്ത.
കോടതിയും അവിടെയുള്ള ആളുകളും വളരെ ബഹുമാനത്തോടെയാണ് രണ്ടുപേരെയും കാണുന്നത്. ഇത്തരത്തിൽ കേസും പൊല്ലാപ്പുകളുമായാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക് മുന്നോട്ട് പോകുന്നത്.
‘രണ്ടുപേർ’ എന്ന ചിത്രത്തിന് ശേഷം പ്രേം ശങ്കർ സംവിധാനം ചെയ്ത സിനിമയ്ക്ക് കഥ ഒരുക്കിയത് എസ്. ഹരീഷാണ്. രണ്ടുപേരുടെ ഈഗോ ക്ലാഷിനെ ആസ്പദമാക്കി മലയാളത്തിൽ ഇതിന് മുമ്പും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സച്ചിയുടെ തന്നെ തിരക്കഥയിൽ പിറന്ന ഡ്രൈവിങ് ലൈസൻസുമെല്ലാം അതിനുദാഹരണമാണ്.
എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചലച്ചിത്രമാണ് തെക്കുവടക്ക്. അത് ഒരേ സമയം സിനിമയ്ക്ക് ഗുണവും ദോഷവുമായി മാറുന്നുണ്ട്. കഥാപാത്രങ്ങളോടുള്ള ഇമോഷണൽ കണക്ഷൻ നിലനിർത്താൻ പറ്റുന്നില്ല എന്നതാണ് സിനിമയുടെ പ്രധാന പോരായ്മയായി തോന്നിയത്. ഒരു സ്ഥലത്തിന്റെ പേരിലാണ് പ്രശ്നങ്ങൾ നടക്കുന്നതെന്ന് സിനിമയിൽ പറയുന്നുണ്ടെങ്കിലും എന്താണ് ആ സ്ഥലത്തിന്റെ പ്രാധാന്യമെന്നോ ആരുടെ ഭാഗത്താണ് ന്യായമെന്നോ ചിത്രത്തിൽ പരാമർശിക്കുന്നില്ല.
കോടതി കയറി ഇറങ്ങുന്ന കേസിനെ കുറിച്ചാണ് പറയുന്നതെങ്കിലും ഒറ്റ സീനിൽ പോലും കോടതിക്കുള്ളിലെ വാദപ്രതിവാദങ്ങൾ സിനിമയിൽ കാണിക്കുന്നില്ല. സിനിമ ആരംഭിക്കുമ്പോൾ ക്രെഡിറ്റ് കാർഡിന്റെ ഭാഗങ്ങളിൽ വോയിസ് ഓവറായാണ് മാധവന്റെയും ശങ്കുണ്ണിയുടെയും ഫ്ലാഷ്ബാക്ക് പറയുന്നത്.
പക്ഷെ അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നത് ചോദ്യമാണ്. വിനായകൻ, സൂരാജ് വെഞ്ഞാറമൂട് എന്നീ അഭിനയ പ്രതിഭകളുടെ മികച്ച പ്രകടനം തന്നെയാണ് തെക്ക് വടക്കിനെ പിടിച്ച് നിർത്തുന്നത്. മാധവൻ എന്ന റിട്ടേയ്ഡ് ഉദ്യോഗസ്ഥനെ വിനായകൻ ഭംഗിയായി ചെയ്ത് വെച്ചിട്ടുണ്ട്. കൂടെ അദ്ദേഹത്തിന്റെ ചില ഡാൻസ് നമ്പറുകളും ചിത്രത്തിലുണ്ട്.
തുടർച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തെക്ക് വടക്കിലേക്ക് വന്നാൽ രണ്ടാം പകുതി ശങ്കുണിയുടേതാണ്. സിനിമ പറയാൻ ഉദേശിക്കുന്ന കാര്യങ്ങൾ മൊത്തം അവസാനമുള്ള പാട്ടിൽ വ്യക്തമായി കാണിക്കുന്നുണ്ട്. അവിടെ ശങ്കുണ്ണിയായി സുരാജ് ജീവിക്കുകയായിരുന്നു. സാം സി.എസിന്റെ മ്യൂസിക്കും സിനിമയെ പിടിച്ച് നിർത്തുന്ന ഘടകം തന്നെയാണ്. ഒരു വ്യത്യസ്ത സിനിമയ്ക്കുള്ള പരീക്ഷണം പോലെയാണ് സാം മ്യൂസിക് ചെയ്തിരിക്കുന്നത്.
സുരേഷ് രാജന്റെ ക്യാമറയും കിരൺ ദാസിന്റെ എഡിറ്റിങും നീതി പുലർത്തുന്നതായിരുന്നു. മേക്കപ്പ് ഡിപ്പാർട്മെന്റും അതിഗംഭീരമായി സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സുരാജിന്റെ മേക്ക് ഓവർ എടുത്ത് പറയേണ്ടതുണ്ട്.
എന്നാൽ ഡബ്ബിങ്ങിലേക്ക് വരുമ്പോൾ പലയിടത്തും ലിപ് സിങ്കാവത്തത് നന്നായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. പാലക്കാട് നടക്കുന്ന കഥയായിട്ടും കഥാപാത്രങ്ങൾ വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യുന്നത് പോലെ തോന്നി.