കോഴിക്കോട്: 12 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിന് ഒടുവില്‍ തേജസ് ദിനപത്രം നിര്‍ത്തുന്നു.
1997ലാണ് എന്‍.ഡി.എഫിന്റെ മുഖമാസികയായി ആരംഭിച്ച തേജസ് മാസികയുടെ പിന്തുടര്‍ച്ചയായി 2006ലെ റിപ്പബ്ലിക് ദിനത്തിലാണ് പത്രം ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി നിലവില്‍ വന്ന പത്രത്തിന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവടങ്ങളിലും എഡിഷനുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന് ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 ഓടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്നാണ് മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ചിലവ് ചുരുക്കി നടത്തണമെന്ന നിര്‍ദേശം യോഗത്തില്‍ ജീവനക്കാര്‍ മുന്നോട്ട് വെച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യ നിഷേധമാണ് കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് മാനേജ്മെന്റ് നിലപാട്.
സമകാലീന വര്‍ത്തമാന പത്രങ്ങള്‍ക്കിടയില്‍ വേറിട്ട സാന്നിധ്യമായിരുന്നു തേജസ് ദിനപത്രം. വര്‍ത്തമാന രാഷ്ട്രീയത്തോട് ആരോഗ്യപരമായി കലഹിച്ചും ബദല്‍ ചിന്തകളാലും പ്രിന്റ് പത്ര ശ്രേണിയില്‍ തേജസ് വേറിട്ടുനിന്നു. എന്നാല്‍ ഒരു വ്യാഴവട്ടം നീണ്ട മാധ്യമ പ്രവര്‍ത്തനത്തിന് വിരാമമിട്ട് തേജസ് ഈ വര്‍ഷം അവസാനത്തോടെ അച്ചടി നിര്‍ത്തുകയാണ്. സാമ്പത്തിക പരാധീനതയാണ് പ്രധാന കാരണമെന്ന് മാനേജ്മെന്റ് പറയുന്നു. ഗള്‍ഫ് എഡിഷനുകള്‍ നേരത്തെ നിര്‍ത്തിയിരുന്നു.
ALSO READ: രാഹുല്‍ ഈശ്വറിന് ജാമ്യം
ന്യൂനപക്ഷത്തിന്റെ ശബ്ദമായതിനാല്‍ പൊലീസ് എപ്പോഴും ബുദ്ധിമുട്ടിച്ചിരുന്നു. അവര്‍ ഞങ്ങള്‍ക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ പലകുറി മേലുദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ പലരും രാഷ്ട്രീയലാക്കോടെയാണ് തേജസിനെ വേട്ടയാടിയത്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഉഗ്യോസ്ഥരാണ് തേജസിനെ സാമ്പത്തികമായി തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ചേക്കുട്ടി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഒരു പത്രത്തിന്റെ പ്രധാന വരുമാനം പരസ്യമാണ്. തേജസ് പോലൊരു ദിനപത്രം പ്രധാനമായും ആശ്രയിച്ചിരുന്നത് കേന്ദ്ര-സംസ്ഥാന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തെ ആയിരുന്നു. എന്നാല്‍ തേജസിന്റെ പ്രധാന വരുമാന സ്രോതസ്സായ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം 2010ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത് സാമ്പത്തികത്തകര്‍ച്ചയുടെ തുടക്കമായിരുന്നുവെന്ന് ചേക്കുട്ടി പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് 2009 നവംബര്‍ 18ന് അയച്ച ഒരു സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പരസ്യം നിര്‍ത്തിയതെന്ന് തേജസ് പുറത്ത് വിട്ട പത്രകുറിപ്പില്‍ പറയുന്നു.
ഇന്ത്യയ്ക്കകത്തുള്ള സായുധ സംഘങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമങ്ങളെ ഭരണകൂട ഭീകരതയായി ചിത്രീകരിച്ചതായിരുന്നു തേജസ് ദിനപത്രത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ കണ്ടിട്ടും നടപടിയുണ്ടായില്ലെന്നും പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. മാത്രമല്ല മതമൗലിക വാദം വളര്‍ത്താന്‍ പത്രത്തെ പോപ്പുലര്‍ഫ്രണ്ട് ഉപയോഗിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്. ഇതന്വേഷിച്ച കലക്ടര്‍ സര്‍ക്കാരിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും പരസ്യം നല്‍കിയത് ആശ്വാസകരമായി. 08-09-2011 മുതല്‍ 25-08-2012 വരെയാണ് ഈ കാലയളവില്‍ പരസ്യം ലഭിച്ചത്. അപ്പോഴും ഞങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് തലത്തില്‍ വിരുദ്ധ റിപ്പോര്‍ട്ടുകള്‍ പോയികൊണ്ടിരുന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ചേക്കുട്ടി ഓര്‍ക്കുന്നു.
തേജസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരുന്നു പ്രധാന പ്രശ്നം. പത്രത്തിനെതിരെ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്ക് പോകുന്നത് രണ്ടാം യു.പി.എ.കാലത്താണ്. ഇതിന്റെ വിശദീകരണത്തിനായി ദല്‍ഹിയില്‍ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സംസ്ഥാനതലത്തില്‍ ഞങ്ങള്‍ ക്കെതിരെ വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് എന്നാണ്. ഇതോടെ യു.പി.എ. ഭരണ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം വരുന്നതും നിലച്ചു. ഇതോടെ തേജസ് സാമ്പത്തികമായി ഞെരുക്കത്തിലായെന്ന് ചീഫ് എഡിറ്റര്‍ എന്‍.കെ. ചേക്കുട്ടി പറഞ്ഞു.
പരസ്യം ലഭിക്കുന്നത് നിര്‍ത്താന്‍ മാത്രമല്ല തേജസ് വിരുദ്ധ ശക്തികള്‍ ശ്രമിച്ചത്. പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ശ്രമിച്ചതായി ചേക്കുട്ടി പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് സംഭവം. തേജസില്‍ വന്ന ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം കലക്ടറേറ്റ് നോട്ടീസ് അയച്ചത്. റദ്ദ് ചെയ്യുന്നതിനായി മുന്നോട്ട് വെച്ച വാര്‍ത്തകളെല്ലാം ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തയായിരുന്നു. ഒന്നുപോലും തേജസിന്റെ സ്വന്തം വാര്‍ത്ത ആയിരുന്നില്ലെന്ന് ചേക്കുട്ടി വ്യക്തമാക്കി.
ഇത്തരം നിലപാടുകളിലൂടെ ഒരു പത്രത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. തേജസിന്റെ പതനം കേവലം യാദൃശ്ചികമായിരുന്നില്ലെന്നും അത് മുന്‍കൂട്ടി തയ്യാറാക്കിയ ചില തിരക്കഥയുടെ ഫലമാണെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനെല്ലാം പുറമെ ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍, അക്രഡിറ്റേഷന്‍, എന്നിവ പിണറായി സര്‍ക്കാര്‍ റദ്ദ് ചെയ്തെന്നും പത്രക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. പലകുറി വിഷയത്തിന്റെ ഗൗരവാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെന്ന് മാനേജ്മെന്റ് പറയുന്നു.
ഈ പത്രം നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ബോധ്യമുള്ളതിനാല്‍ ജീവനക്കാര്‍ ശമ്പളം വെട്ടിച്ചുരുക്കുന്നതിനും തയ്യാറായിരുന്നു. എന്നാല്‍ പൂട്ടാന്‍ തന്നെയാണ് മാനേജ്മന്റിന്റെ തീരുമാനം. പകരം തേജസ് ദ്വൈവാരികയെ വാരികയായും ഓണ്‍ലൈനിനെ കൂടുതല്‍ സജീവമാക്കാനുമാണ് തീരുമാനമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരം പറഞ്ഞു.
എന്നാല്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാത്രമായി ഒത്തുങ്ങുന്നതിനെ ചീഫ് എഡിറ്റര്‍ എന്‍.പി. ചേക്കുട്ടി അംഗീകരിക്കുന്നില്ല. ആയിരക്കണക്കിന് ഓണ്‍ലൈനുകള്‍ക്കിടയില്‍ തേജസിന് നിലനില്‍ക്കണമെങ്കില്‍ പത്രത്തിന്റെ പിന്തുണ അത്യാവശ്യമാണ് അല്ലാത്ത പക്ഷം ഒരുപാട് ബുദ്ധിമുട്ടേണ്ടിവരുമെന്ന് എന്‍.പി. ചേക്കൂട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം തേജസ് മാനേജ്മെന്റിന്റേത് ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയുള്ള തീരുമാനമായെന്ന് കെ.യു.ഡബ്ല്യു.ജെ.പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. തൊഴിലാളികള്‍ മുന്നോട്ട് വെച്ചത് മാനേജ്മെന്റ് അംഗീകരിച്ചില്ല. മാത്രമല്ല കെയു.ഡബ്ല്യു.ജെ.പ്രതിനിധകളുമായി ചര്‍ച്ച നടത്താതെയുള്ള തീരുമാനമാണിതെന്നും കമാല്‍ വരദൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കെ.യു.ഡബ്ല്യു.ജെ.നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തും, മാത്രമല്ല തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കമാല്‍ വരദൂര്‍ വ്യക്തമാക്കി.
തൊഴിലാളി വിരുദ്ധനയമാണ് മാനേജ്മെന്റ് സ്വീകരിച്ചത്. സ്ഥാപനത്തിലെ തൊഴിലാളികള്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടും മാനേജ്മെന്റ് സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കമാല്‍ വരദൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ചീഫ് എഡിറ്റര്‍ എന്‍.പി ചേക്കുട്ടി ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറായിരുന്നെന്നും കമാല്‍ വരദൂര്‍ പറഞ്ഞു. മാത്രമല്ല തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, പ്രിന്റ് പേപ്പറിന്റെ നിലവാരം കുറയ്ക്കുക എന്നീ നിര്‍ദേശങ്ങള്‍ കെ.യു.ഡബ്ല്യു.ജെ മുന്നോട്ട് വെച്ചിട്ടും മാനേജ് മെന്റ് അംഗീകരിച്ചില്ലെന്ന് കമാല്‍ വരദൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പത്രം നിര്‍ത്തുന്നതോടെ 200ലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. ഇതില്‍ കുറച്ച് പേരെ വാരികയിലേക്കും ഓണ്‍ലൈന്‍ എഡിഷനിലും നിലനിര്‍ത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
എന്നാല്‍ തേജസ് ദിനപത്രം പൂട്ടാാന്‍ തീരുമാനിച്ചത് തേജസ് മാനേജ്‌മെന്റ് ആണ്. പക്ഷേ, അതൊരു വ്യാപാരപരാജയത്തിന്റെ അവസാനഫലം ആയല്ല കാണേണ്ടത്. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വളഞ്ഞ വഴിയിലൂടെ എങ്ങിനെ റദ്ദാക്കാം എതിനുള്ള ഒരു ഉദാഹരണവും തെളിവുമാണ് തേജസെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി രാജേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയമായ കാരണങ്ങള്‍കൊണ്ടു പത്രങ്ങള്‍ക്കു പരസ്യം നിഷേധിക്കാന്‍ ഒരു നിയമവും സര്‍ക്കാറിന് അധികാരം നല്‍കുന്നില്ല. തേജസ് പത്രത്തിന്റെ പേരില്‍ രാജ്യദ്രോഹത്തിനോ നിയമലംഘനത്തിനോ കേസ്സില്ല. തേജസ് പത്രത്തിന്റെ നടത്തിപ്പുകാര്‍ക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്. അവരുടെ പ്രവര്‍ത്തകര്‍ ചില കേസ്സുകളില്‍ പ്രതികളായിട്ടുണ്ടാവാം. ഏതു പാര്‍ട്ടിയിലാണ് അത്തരം പ്രതികളും കേസ്സുകളുമുണ്ടാകാത്തത്? അതൊന്നുും സര്‍ക്കാര്‍ സ്വീകരിച്ച പത്രസ്വാതന്ത്ര്യലംഘനത്തിന് ന്യായീകരണമാവില്ലെന്നും എന്‍.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇതു വളരെ അപകടകരമായ സൂചനകളാണ് നല്‍കുന്നത്. തീവ്രവാദത്തെ എതിര്‍ക്കാനെന്ന പേരില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് പല രാജ്യങ്ങളിലും. ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്കും മുസ്ലിം തീവ്രവാദികള്‍ക്കും എതിരെ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ പലതരം മാഫിയകളുടെയും അധോലോകത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും മറ്റും താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. തേജസ്സിനെ നിശ്ശബ്ദമാക്കുതില്‍ വിജയിച്ചാല്‍ നാളെ മറ്റു സ്ഥാപനങ്ങള്‍ക്കെതിരെ ഈ വാള്‍ ഉയരും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എന്‍.പി . രാജേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അടുത്ത പുതുവര്‍ഷപ്പുലരിയില്‍ ഉമ്മറത്ത് ഇനി തേജസ് ഉണ്ടാകില്ല. അകാല ചരമം പ്രാപിച്ച പത്രക്കൂട്ടത്തിലേക്ക് തേജസ് കൂടിയെത്തിയിരിക്കുന്നു.
WATCH THIS VIDEO