| Tuesday, 15th August 2023, 5:45 pm

'അന്തരീക്ഷം കൊഴുപ്പിക്കാന്‍ ഐറ്റം ഡാന്‍സ് വേണ്ട' എന്ന് നിലപാടെടുക്കുന്നതും ഒരു ധീരതയാണ്

തേജു പി തങ്കച്ചൻ

ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന് ഒപ്പം ചുവട് വെയ്ക്കുന്ന നായകന്റെയോ വില്ലന്റെ സംഘത്തിന്റെയോ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്നതും അത് ഷൂട്ട് ചെയ്ത് റിലീസിന് മുന്നോടിയായി യൂട്യൂബില്‍ ഇറക്കി വിടുന്നത് സംവിധായകന്‍ പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തത് കൊണ്ടാണെന്നുമൊക്കെ പറയുന്നത് മഠയത്തരമാണ്.

ഈ വസ്തുത നിലനില്‍ക്കെത്തന്നെ അതിന്റെയൊപ്പം ചേര്‍ത്ത് പറയേണ്ടുന്ന കാര്യമാണ് ഐറ്റം നമ്പര്‍ എന്നാല്‍ സ്ത്രീ ശരീരത്തെ കച്ചവടവല്‍ക്കരിക്കുന്നത് തന്നെയാണെന്നുള്ളത്. അങ്ങനെ ചെയ്യുന്നത് മര്യാദകേട് ആണെന്നുള്ള വിധിപറച്ചിലോ മോറല്‍ ക്ലാസ് എടുപ്പോ അല്ല ഉദ്ദേശിച്ചത്.

അതിന് പിറകിലെ ആര്‍ട്ടിസ്റ്റിന്റെ അധ്വാനത്തെയോ ടെക്നീഷ്യന്മാരുടെ കിതപ്പിനെയോ അവര്‍ സൃഷ്ടിച്ചെടുത്ത എയ്‌സ്‌ത്തെറ്റിക്‌സിനെയോ കുറച്ച് കാണുന്നില്ല എന്ന് മാത്രമല്ല അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്തുകൊണ്ട് തന്നെ പറയട്ടെ, ഐറ്റം ഡാന്‍സ് എന്നാല്‍ ഒരു ഫീമെയിലിനെ, അല്ലെങ്കില്‍ ഒരു കൂട്ടം സ്ത്രീകളെ, സെക്സ് ഒബ്ജക്റ്റ് ആയി മാത്രം കണ്‍സിഡര്‍ ചെയ്ത്‌കൊണ്ട്, അങ്ങനെ തന്നെ ആ ശരീരത്തെ പോര്‍ട്രേയ് ചെയ്തുകൊണ്ട് ഒരു ഗാനരംഗത്തെ വില്‍ക്കുക എന്നുള്ളതാണ്.

ആ ലേഡി ഡാന്‍സറിന്റെ ആകാരം മാത്രമാണ് ആ പാട്ടിലെ ഏറ്റവും വലിയ പ്രത്യേകത. ഓഡിയോ ഒക്കെ പിന്നീട് വരുന്നതാണ്. ഈയിടെ റിലീസ് ആയ കലാപക്കാരയിലും തമിഴിലെ രജനി പടത്തിലും വരെ ഐറ്റം നമ്പറുകള്‍ ഉണ്ട്. പക്ഷേ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബിസിനസ് ആയി മാറാന്‍ സാധ്യതയുണ്ടെന്ന് എല്ലാ അനലിസ്റ്റുകളും ഒരേപോലെ വിലയിരുത്തുന്ന ലിയോ എന്ന വിജയ് പടത്തിന്റെ പുറത്തിറങ്ങിയ ഒരു കുത്ത് പാട്ടില്‍ എവിടെയും ഒരു ‘ഐറ്റം’ ഡാന്‍സര്‍ ഇല്ല.

കഥയ്ക്ക് അവശ്യമില്ലാത്തത് കൊണ്ടാണെന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ലെന്ന് തോന്നുന്നു. കഥയുമായി യാതൊരു ബന്ധവും ഇല്ലാതിരിക്കുമ്പോഴും വെറുതെ ഒരു ലേഡി ആര്‍ടിസ്റ്റിനെ കൊണ്ട് വന്ന് ഡാന്‍സ് ചെയിപ്പിക്കുന്ന പതിവ് ഇന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രിയിലെയും സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ലിയോയില്‍ അതില്ല. ഇതിന്റെ ഉത്തരവാദിത്തം മുഴുവനായും പടത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന്റേതാണ്.

സ്ത്രീ കഥാപാത്രങ്ങളെ അനാവശ്യമായി എഴുതില്ല, എഴുതാന്‍ മുതിരില്ല എന്ന് പലയാവര്‍ത്തി പറഞ്ഞ അയാളുടെ നിലപാടുമായി ഈ തീരുമാനത്തിന് ബന്ധമുണ്ട്. ദളപതിയേക്കാള്‍ വലുതായി വിറ്റുപോകാന്‍ മാത്രം കപ്പാസിറ്റയുള്ള ഒരു സ്ത്രീ ആര്‍ട്ടിസ്റ്റും നിലവില്‍ തമിഴകത്തില്ല എന്നൊക്കെ വെറുതെ പറയാം എന്നേയുള്ളൂ. നായകനും(അതോ ആന്റി ഹീറോയോ) ഗ്യാങും അടിച്ചു സെറ്റ് ആയി ഇരിക്കുന്ന നേരത്ത് കൂടെ വന്ന് രണ്ട് സ്റ്റെപ്പ് ഇട്ട് മൊത്തം അറ്റ്‌മോസ്ഫിയറിനെ ഒന്ന് കൊഴുപ്പിക്കാന്‍ ഒരു ഫീമെയിലിനെ കൊണ്ട് വരേണ്ട എന്ന് നിലപാടെടുക്കുന്നതും ഒരു തരത്തില്‍ ധീരതയാണ്.

അങ്ങനെയുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് ഇട കൊടുക്കാതിരിക്കുന്നത് കൊണ്ട് കൂടിയാണ് ലോകേഷ് ഒരു സൂപ്പര്‍ ഡയറക്റ്റര്‍ ആയിത്തീരുന്നത്. അല്ലെങ്കില്‍ ആരുടെ പേരിലാണോ ഒരു പടം സെല്‍ ചെയ്‌തെടുക്കപ്പെടുന്നത്, അതിലെ പാട്ടുകളുടെ വ്യൂ വര്‍ധിപ്പിക്കുക എന്ന ചുമതലയും ആ സെല്ലിങ് പോയിന്റിന് തന്നെയാണ് എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ലോകേഷ് പ്രസക്തനാവുന്നത്.

Content Highlight: Theju P Thankachan’s write up on itam dance in movies

തേജു പി തങ്കച്ചൻ

We use cookies to give you the best possible experience. Learn more