| Monday, 2nd November 2020, 10:18 am

'യുവാക്കളുടെ വോട്ട് വേണം,ഒരു യുവനേതാവ് പോലുമില്ല'; ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെ തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്.

യുവാക്കളുടെ വോട്ട് ലക്ഷ്യമിടുന്ന നേതൃത്വത്തിന് യുവാവായ ഒരു നേതാവ് പോലുമില്ലെന്ന് തേജസ്വി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ബീഹാറിലെ ജനസംഖ്യയുടെ 60 ശതമാനവും ചെറുപ്പക്കാരാണ്. അവര്‍ക്ക് യുവാക്കളുടെ വോട്ട് ആവശ്യമാണ്. എന്നാല്‍ ചെറുപ്പക്കാരെ പ്രതിനിധീകരിക്കാന്‍ ഒരു നേതാവ് പോലുമില്ല’- തേജസ്വി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയേയും അടിസ്ഥാന പ്രശ്‌നങ്ങളെയും നേരിടുന്നതില്‍ നിതീഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടെന്നും നേതാക്കളെ വ്യക്തിപരമായി വിമര്‍ശിക്കുകയാണെന്നും തേജസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ നിതീഷ് എന്‍.ഡി.എ വിടുമെന്നും 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നാണ് ചിരാഗിന്റെ വിമര്‍ശനം.

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ പശ്ചാത്തലത്തിലായിരുന്നു ചിരാഗിന്റെ വിമര്‍ശനം. ബീഹാറില്‍ നിതീഷ് കുമാറിന് ആരും വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയതെന്ന് ചിരാഗ് പറഞ്ഞിരുന്നു.

നിതീഷ് ജനപ്രിയനല്ലെന്ന സത്യം മോദിയ്ക്കറിയാമെന്നും ഒരൊറ്റയാള്‍ പോലും നിതീഷിന് വോട്ട് നല്‍കില്ലെന്നും ചിരാഗ് പറഞ്ഞു.

‘ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റാലികള്‍ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് ബീഹാറിലെ ജനങ്ങള്‍ക്ക് പോലും അറിയില്ലെന്ന സത്യം മോദിയ്ക്ക് മനസ്സിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത മുഖ്യമന്ത്രിയായതു കൊണ്ടാണ് നിതീഷിന് വേണ്ടി മോദി 7 റാലികള്‍ സംഘടിപ്പിക്കുന്നത്. നിതീഷിനെ ജനപ്രിയനാക്കാന്‍ അദ്ദേഹത്തിന് ബീഹാറിലെത്തി പ്രചരണം നടത്തേണ്ടി വന്നു. അല്ലായിരുന്നെങ്കില്‍ മോദിയ്ക്ക് ദല്‍ഹിയില്‍ തന്നെയിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മതിയായിരുന്നു’ ചിരാഗ് പറഞ്ഞു.

ഒരു അഴിമതിക്കാരനായ മുഖ്യമന്ത്രിയ്ക്ക് വേണ്ടി എന്തിനാണ് ബി.ജെ.പി നേതാക്കള്‍ ഇങ്ങനെ തല കുനിക്കുന്നത്. ഇത് സ്വന്തം പാര്‍ട്ടി അണികളെ തന്നെ നിരാശരാക്കും. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് നിതീഷിന് തന്നെ പൂര്‍ണ്ണ ബോധ്യമുണ്ടെന്നും ചിരാഗ് പറഞ്ഞു.

അതേസമയം ഒക്ടോബര്‍ 28 ന് ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. 71 സീറ്റുകളിലുമായി 55.69 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

നവംബര്‍ മൂന്നിനാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thejaswi yadav slams bjp-jdu alliance

We use cookies to give you the best possible experience. Learn more