| Tuesday, 27th October 2020, 11:37 am

തെരഞ്ഞെടുപ്പിന് ശേഷവും നിതീഷുമായി സഖ്യമില്ല: തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി സഖ്യം ചേരില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജനം തള്ളുന്ന നിതീഷുമായി സഖ്യമുണ്ടാക്കില്ലെന്നും തേജസ്വി യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ പ്രധാന പ്രശ്‌നമെന്നും മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചിരാഗ് പാസ്വാനെ ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം പ്രചരണവുമായി മുന്നോട്ടുപോകുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

അതേസമയം ബീഹാറില്‍ എല്‍.ജെ.പി-ബി.ജെ.പി രഹസ്യധാരണയെന്ന സംശയം ബലപ്പെടുകയാണ്. എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെക്കുറിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് മൂലം എന്‍.ഡി.എ വിട്ട് പോയ ചിരാഗിനെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി നേതാവ് രംഗത്തെത്തിയത് നിതീഷ് ക്യാംപിനകത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചിരാഗ് പാസ്വാന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണ്. പാര്‍ലമെന്റില്‍ അദ്ദേഹം കൃത്യമായ കണക്കുകള്‍ ഉപയോഗിച്ച് ബീഹാറിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന യുവനേതാവാണ്, പ്രത്യേക സുഹൃത്താണ്. അദ്ദേഹത്തിന് ഏറ്റവും മികച്ചത് നേരുന്നു,’ തേജസ്വി സൂര്യ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി സൂര്യ ചിരാഗിന് ആശംസകള്‍ നേര്‍ന്നത് ചെറുതല്ലാത്ത തലവേദനയാണ് നിതീഷ് കുമാറിന് ഉണ്ടാക്കിയിരിക്കുന്നത്.

ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ചുള്ള സര്‍വ്വേ ഫലത്തിന് പിന്നാലെയാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള പുതിയ നീക്കത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയിലാണ് സീവോട്ടേഴ്‌സ് സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും കരുതുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്.

സഖ്യം വിട്ടപ്പോഴും തനിക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്ന് ചിരാഗ് പാസ്വാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതും ഇരുപാര്‍ട്ടികളും തമ്മില്‍ നല്ല ബന്ധം തന്നെയാണ് നിലനില്‍ക്കുന്നതെന്ന വിലയിരുത്തലുകള്‍ക്ക് കാരണമാവുകയും ചെയ്തു.

നിതീഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് പരസ്യമായി പറഞ്ഞ ചിരാഗ് ഒരു ഘട്ടത്തില്‍ ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ആണെന്നും പറഞ്ഞിരുന്നു.

ബി.ജെ.പി- എല്‍.ജെ.പി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുക, അതിനാല്‍ നിതീഷ് കുമാറിന് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thejaswi Yadav RJD JDU Nitish Kumar Bihar Election

We use cookies to give you the best possible experience. Learn more