| Saturday, 24th October 2020, 1:28 pm

ഒരു കോടി തൊഴിലവസരങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല; തെരഞ്ഞെടുപ്പ് പത്രിക പുറത്തുവിട്ട് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിയ ബി.ജെ.പിയുടെ പ്രകടന പത്രികയ്ക്ക് മറുപടിയുമായി ആര്‍.ജെ.ഡി നേതൃത്വം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുകയാണ് ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്.

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പത്രിക പ്രകാശന വേളയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി വേണമെങ്കില്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാം. എന്നാല്‍ ഞാനത് ചെയ്യില്ല. കാരണം ഇത് മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ യാഥാര്‍ത്ഥ്യമാകും. രാജ്യത്ത് ആദ്യമായാണ് 10 ലക്ഷം തൊഴിലവസരങ്ങള്‍ ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുന്നത്- തേജസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതൃത്വം തങ്ങളുടെ പ്രകടന പത്രിക പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

ബീഹാറിലെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികളും ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.

‘കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്,’ എന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം.

കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്റെ മറുപടി.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Thejaswi Yadav Election Manifesto

We use cookies to give you the best possible experience. Learn more