| Tuesday, 17th November 2020, 7:22 am

'നോമിനേറ്റഡ് മുഖ്യമന്ത്രി'യ്ക്ക് അഭിനന്ദനം; നിതീഷ് കുമാറിന് ആശംസകളുമായി തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: എഴാം തവണയും ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് അഭിനന്ദനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

പരോക്ഷപരിഹാസത്തോടെ അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘നോമിനേറ്റഡ് മുഖ്യമന്ത്രി’യ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്.

‘ബഹുമാനപ്പെട്ട നിതീഷ്ജി. നോമിനേറ്റഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഈ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് അപ്പുറം, ബീഹാറിലെ ജനങ്ങളുടെ സന്തോഷവും എന്‍.ഡി.എ വാഗ്ദാനം ചെയ്ത 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’- തേജസ്വി ട്വിറ്ററിലെഴുതി.

നേരത്തെ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും നിതീഷിനെതിരെ സമാനമായ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

‘വീണ്ടും മുഖ്യമന്ത്രിയായതില്‍ നിതീഷ്‌കുമാറിന് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍ ഭരണ സമയം പൂര്‍ത്തിയാക്കുമെന്നും നിങ്ങള്‍ എന്‍.ഡി.എ മുഖ്യമന്ത്രിയായി തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു പാസ്വാന്‍ ട്വീറ്റ് ചെയ്തത്.

ഒപ്പം എല്‍.ജെ.പി യുടെ മാനിഫെസ്റ്റോയും നിതീഷ് കുമാറിന് അയക്കുന്നുവെന്ന് പാസ്വാന്‍  പറഞ്ഞു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

തിങ്കളാഴ്ച വൈകീട്ടോടെ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.ഡി.എ സഖ്യത്തിലെ 14 നേതാക്കളും ബിഹാര്‍ മന്ത്രി സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലേറുന്നത്. നിതീഷ് കുമാര്‍ ഇത് ഏഴാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thejaswi yadav dig at nitish kumar

We use cookies to give you the best possible experience. Learn more