ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റായി എടുക്കേണ്ടതില്ല: നിതീഷിന് പിന്തുണയുമായി തേജസ്വി
national news
ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റായി എടുക്കേണ്ടതില്ല: നിതീഷിന് പിന്തുണയുമായി തേജസ്വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2023, 11:48 am

ന്യൂദല്‍ഹി: ജനസംഖ്യനിയന്ത്രണത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് തേജസ്വി യാദവ്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്ന ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് നിതീഷ് കുമാര്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ബിഹാറിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 4.2ല്‍ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണമാണ് മുഖ്യമന്ത്രി വിശദീകരിച്ചതെന്നും എന്നാല്‍ പ്രതിപക്ഷം തെറ്റായ രീതിയില്‍ വാക്കുകള്‍ മാറ്റുകയാണെന്നും തേജസ്വി ചൂണ്ടിക്കാട്ടി.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണെന്നും, എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്ന് തേജസ്വി വ്യക്തമാക്കി. ജീവശാസ്ത്രപരമായ വിഷയങ്ങളിലൂടെ കുട്ടികള്‍ ലൈംഗിക വിദ്യാഭ്യാസം നേടുന്നുണ്ടെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ പ്രായോഗികമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നുമാണ് നിതീഷ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ രീതിയിലല്ല ലൈംഗികവിദ്യാഭ്യാസത്തെ എടുക്കേണ്ടതെന്നും ഉപമുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസത്തെ വിശദീകരിക്കാന്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വാക്കുകളാണ് നിതീഷ് കുമാര്‍ ഉപയോഗിച്ചതെന്ന് പ്രതിപക്ഷമായ ബി.ജെ.പി വാദിച്ചു. രാഷ്ട്രീയത്തിലെ ഏറ്റവും അശ്ലീലനായ നേതാവാണ് നിതീഷ് കുമാറെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

നിതീഷ് കുമാറിന്റെ പ്രസ്താവന ജനാധിപത്യത്തിന്റെ അന്തസ്സും മര്യാദയും കളങ്കപ്പെടുത്തിയെന്നും അദ്ദേഹം സ്ത്രീ വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ എക്സില്‍ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാമര്‍ശത്തില്‍ മാപ്പ് രേഖപ്പെടുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഒരു പെണ്‍കുട്ടി ഉന്നതവിദ്യാഭ്യാസം നേടിയാല്‍ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം.

Content Highlight: Thejaswi Yadav backs Nitheesh Kumar on remarks on sex education