| Friday, 5th February 2021, 9:24 am

കേന്ദ്രം സ്വകാര്യവത്കരണം നടപ്പിലാക്കുന്നത് സംവരണം ഇല്ലാതാക്കാനാണ്; രൂക്ഷ വിമര്‍ശനവുമായി തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി സ്വാകാര്യവത്കരണം നടപ്പിലാക്കുന്നതിന് പിന്നില്‍ ചങ്ങാത്ത മുതലാളിത്തം കൂട്ടുകയും സാമൂഹിക നീതി ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് വഴി സര്‍ക്കാര്‍ ജോലികളെല്ലാം പ്രൈവറ്റ് മേഖലയിലേക്ക് പോകുമെന്നും ഇത് സംവരണം നടപ്പിലാക്കാതിരിക്കാന്‍ സഹായകരമാകുമെന്നും തേജസ്വി യാദവ്് പറഞ്ഞു. സംവരണം സംരക്ഷിക്കുക എന്ന ഹാഷ് ടാഗിലായിരുന്നു തേജസ്വി യാദവ് ട്വീറ്റ് ചെയ്തത്.

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49ല്‍ നിന്ന് 74 ആക്കുമെന്നും ബി.പി.സി.എല്‍, ഐ.ഡി.ബി.ഐ ബാങ്ക്, രണ്ടു പൊതുമേഖല ബാങ്കുകള്‍, എല്‍.ഐ.സി എന്നിവ സ്വകാര്യവത്കരിക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടയിലാണ് തേജസ്വിയുടെ പ്രതികരണം.

ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്‌നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Central Govt is privatizations motive is to annihilate reservation says Thejashwi Yadav

We use cookies to give you the best possible experience. Learn more