ബീഹാറിന്റെ മുഖ്യമന്ത്രി തേജസ്വി യാദവ് തന്നെ; ഉറപ്പിച്ച് പറഞ്ഞ് തേജ് പ്രതാപ്
Bihar Election
ബീഹാറിന്റെ മുഖ്യമന്ത്രി തേജസ്വി യാദവ് തന്നെ; ഉറപ്പിച്ച് പറഞ്ഞ് തേജ് പ്രതാപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 2:18 pm

പട്‌ന: ബീഹാറിന്റെ മുഖ്യമന്ത്രിയായി എത്തുന്നത് തേജസ്വി യാദവ് തന്നെയായിരിക്കുമെന്ന് സഹോദരന്‍ തേജ് പ്രതാപ് യാദവ്. തേജസ്വി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് തേജസ്വി ഭവ: ബീഹാര്‍ എന്നാണ് തേജ് പ്രതാപ് പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എയാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
എന്‍.ഡി.എ 134 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മഹാസഖ്യം 98 സീറ്റുകളിലാണ് മുന്നിലുള്ളത്.

എന്നാല്‍ മഹാസഖ്യത്തിന് ഇപ്പോഴും വിജയ പ്രതീക്ഷയുണ്ട്. മന്ദഗതിയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എണ്ണി തീര്‍ക്കാന്‍ ഇനിയും ഒരുപാട് വോട്ടുകളുണ്ട്.

നിലവിലെ കണക്ക് പ്രകാരം എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം ഉണ്ട്.
സാധാരണഗതിയില്‍ എതിര്‍ പാര്‍ട്ടിയുമായി ഇത്രയേറെ വ്യത്യാസം വരികയും തങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ബി .ജെ.പി വിജയാഘോഷങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും തുടക്കം കുറിക്കുകയോ അത്തരത്തിലുള്ള പ്രതികരണം നടത്തുകയോ ചെയ്യേണ്ടതാണ്.

എന്നാല്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം കടന്നിട്ടും ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല.

ബീഹാറില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് ഇല്ലാത്തതുകൊണ്ട് കൂടുതല്‍ പ്രതികരണം നടത്താത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍.ഡി.എ സഖ്യത്തിന് മേല്‍ മഹാസഖ്യത്തിന് അട്ടിമറി വിജയം ഉണ്ടാകാനുള്ള സാധ്യതയാണ് ബി.ജെ.പിയുടെ മൗനം സൂചിപ്പിക്കുന്നെന്നാണ് വിലയിരുത്തല്‍.

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്.

നിലവില്‍ 72 സീറ്റില്‍ ബി.ജെ.പിയും 65 സീറ്റില്‍ ആര്‍.ജെ.ഡിയും മുന്നിട്ടു നില്‍ക്കുന്നുണ്ട്. 7 സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ഇതൊരു വലിയ വ്യത്യാസമല്ലെന്നും കാര്യങ്ങള്‍ ഏത് നിമിഷവും മാറി മറയുമെന്നുമാണ് പാര്‍ട്ടി നേതാക്കളും സൂചിപ്പിക്കുന്നത്.

എക്സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thej Pratap about Bihar election; Bihar election