റയലിൽ ജൂഡ് തിളങ്ങുന്നതിന് പിന്നിലുള്ള കാരണം ഇതാണ്; ആഴ്‌സണൽ ഇതിഹാസം
റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരമായ ജൂഡ് ബെല്ലിങ്ഹാം മിന്നും ഫോമിലാണ് കളിക്കുന്നത്. ജൂഡിന്റെ കളിക്കളത്തിലുള്ള മികച്ച പ്രകടനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണൽ മുൻ താരവും ഫ്രഞ്ച് താരവുമായ തിയറി ഒന്റി.
കളിക്കളത്തിളുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ജൂഡ് വിജയിച്ചതെന്നും അവന് മികച്ച പ്രകടനം നടത്താൻ അവസരങ്ങൾ നൽകണമെന്നും ഒന്റി പറഞ്ഞു.
‘മികച്ച താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നത് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അവന് മികച്ച പ്രകടനം നടത്താൻ നിങ്ങൾ സ്വയം അവസരം നൽകണം. ജൂഡ് റയലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് എന്തെന്നാൽ ആ ടീമിന്റെ ശൈലി അങ്ങനെ ആയതുകൊണ്ടാണ്. മധ്യനിരയിൽ മൂന്ന് മിഡ്ഫീൽഡർമാർ ഉള്ളതുകൊണ്ട് ജൂഡിന് സ്ഥിരതയോടെ കളിക്കാൻ സാധിക്കുന്നു. ഒപ്പം മുന്നിലുള്ള ഫോർവേഡുകൾ അവന് നല്ല സ്പേസ് നൽകിയും കളിക്കുന്നു. ഇത് ജൂഡിന് കൂടുതൽ സമയം കളിക്കാൻ അവസരം നൽകുന്നു,’ ഒന്റി എൽ എക്വിപ്പിനോട് പറഞ്ഞു.
ലാ ലിഗയിൽ ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. ജൂഡ് ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടികൊണ്ട് വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ജൂഡ് സാന്റിയാഗോ ബെർണബ്യുവിൽ എത്തുന്നത്. റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ടീമിനായി 11 മത്സരങ്ങളിൽ നിന്നും 13 ഗോളുകളാണ് താരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മറികടക്കാനും ഇംഗ്ലണ്ട് യുവതാരത്തിന് സാധിച്ചു. റയൽ മാഡ്രിനു വേണ്ടി ആദ്യ പത്ത് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടമാണ് ജൂഡ് സ്വന്തം പേരിലാക്കിയത്.
വരും മത്സരങ്ങളിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒക്ടോബർ 21ന് സെവിയ്യക്കെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlight: Theiry Henry praises Jude Bellingham performance.