| Monday, 22nd August 2022, 7:54 pm

'ഇവന്‍മാര്‍ ഇങ്ങനെ കളിക്കുവാണെങ്കില്‍ യൂറോപ്പ് കത്തിക്കും'; പി.എസ്.ജിയെ പുകഴ്ത്തി ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിലെ മൂന്നാം മത്സരത്തിലും ത്രസിപ്പിക്കുന്ന ജയം നേടാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നു. ലില്ലെക്കെതിരെയുള്ള മത്സരത്തില്‍ 7-1 എന്ന സ്‌കോറിനായിരുന്നു പി.എസ്.ജി വിജയിച്ചത്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച പി.എസ്.ജി ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ ലില്ലെയെയാണ് പി.എസ്.ജി തകര്‍ത്തുവിട്ടത്. ഹാട്രിക്ക് നേടിയ കിലിയന്‍ എംബാപെയായിരുന്നു പി.എസ്.ജിയുടെ ഹീറോ. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമായി നെയ്മര്‍ കട്ടക്ക് കൂടെ പിടിച്ചപ്പോള്‍ പി.എസ്.ജി മുന്നേറ്റ നിര ‘ബീസ്റ്റ്’ മോഡിലായി. ലയണല്‍ മെസിയും കളം നിറഞ്ഞ് കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്.

ആദ്യ മിനിട്ട് തൊട്ട് പി.എസ്.ജി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരം തുടങ്ങി വെറും എട്ട് സെക്കന്‍ഡ് ആയപ്പോഴേക്കും പി.എസ്.ജിയുടെ ആദ്യ ഗോള്‍ പിറന്നിരുന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റില്‍ എംബാപെയായിരുന്നു ആദ്യ ഗോള്‍ നേടിയത്.

27ാം മിനിട്ടിലായിരുന്നു പി.എസ്.ജിയുടെ രണ്ടാം ഗോള്‍ പിറന്നത്. ലയണല്‍ മെസിയായിരുന്നു രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. പി.എസ്.ജിയില്‍ അദ്ദേഹം സെറ്റിലായി വരുന്നതിന്റെ ലക്ഷണമാണ് ഇത്തരത്തിലുള്ള പ്രകടനങ്ങള്‍. ഈ സീസണില്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

പിന്നീടങ്ങോട്ട് കണ്ടത് പി.എസ്.ജിയുടെ അഴിഞ്ഞാട്ടമായിരുന്നു. 39ാം മിനിട്ടില്‍ നെയ്മറിന്റെ അസിസ്റ്റില്‍ ഹക്കീമി ഗോള്‍ നേടി. 43ാം മിനിട്ടില്‍ നെയ്മര്‍ തന്റെ പേരില്‍ ഒരു ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി നാല് ഗോള്‍ സ്വന്തമാക്കിയിരുന്നു.

ബാക്കി മൂന്ന് ഗോള്‍ നേടിയത് രണ്ടാം പകുതിയിലായിരുന്നു. നെയ്മര്‍ ഒരെണ്ണം വലയിലെത്തിച്ചപ്പോള്‍ എംബാപെ രണ്ട് തവണ വല കുലുക്കി. 54ാം മിനിട്ടില്‍ ജൊനാഥന്‍ ബമ്പയാണ് ലില്ലെക്കായി ആശ്വാസ ഗോള്‍ നേടിയത്.

പി.എസ്.ജിയുടെ മുന്നേറ്റ നിരയുടെ കളിയില്‍ ഒരുപാട് തൃപ്തനായിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ-ആഴ്‌സണല്‍ സൂപ്പര്‍താരമായ തിയറി ഹെന്റി. ഫ്രാന്‍സിന്റെ മുന്‍ താരമായിരുന്ന അദ്ദേഹത്തിന് നെയ്മര്‍, എംബാപെ, മെസി എന്നിവരുടെ പ്രകടനമാണ് ഏറ്റവും ഇഷ്ടമായത്.

ആമസോണ്‍ പ്രൈം വീഡിയോയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ജി മുന്നേറ്റനിരയെ പുകഴ്ത്താനും അദ്ദേഹം മറന്നിട്ടില്ല. അവര്‍ ഈ ഫോമില്‍ കളിക്കുകയാണെങ്കില്‍ ഫ്രാന്‍സ് മാത്രമല്ല യൂറോപ്പ് മൊത്തം തൂത്തുവാരുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം

‘ലയണല്‍ മെസിയും നെയ്മറും കിലിയന്‍ എബൊപെയും പന്ത് ഇല്ലാത്തപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് കാണുന്നതാണ് എനിക്ക് താല്‍പര്യം. 5-1, 6-1, 7-1 എന്ന നിലയില്‍ സ്‌കോര്‍ നില്‍ക്കുമ്പോഴും അവര്‍ പ്രതിരോധിക്കാന്‍ മടങ്ങിയെത്തും. അവര്‍ ഇതുപോലെ തുടരുകയാണെങ്കില്‍, ഞാന്‍ നിങ്ങളോട് പറയുന്നു, ഫ്രാന്‍സും യൂറോപ്പും അവര്‍ സ്വന്തമാക്കും,’ തിയറി ഹെന്‍ റി പറഞ്ഞു.

എല്ലാ വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ടാണ് പി.എസ്.ജി കളത്തിലിറങ്ങുക. എന്നാല്‍ ഇതുവരെ പ്രതീക്ഷിച്ച പ്രകടനമൊന്നും അവര്‍ക്ക് യു.സി.എല്ലില്‍ കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷം ആ പോരായ്മയും മറികടക്കാനാണ് പി.എസ്.ജി ബൂട്ടുകെട്ടുന്നത്.

Content Highlight: Theiry Henry is Impressed With PSG’s performance and says they will win both French cup and UCL

We use cookies to give you the best possible experience. Learn more