| Tuesday, 7th January 2014, 9:35 am

തേജ്പാല്‍ വിവാദവും സാമ്പത്തിക പ്രതിസന്ധിയും: തെഹല്‍ക്ക അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പനാജി:   തെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ അറസ്റ്റിനുശേഷം മാഗസിന്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. തെഹല്‍ക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് അടച്ചുപൂട്ടല്‍ ഭീഷണിക്ക് കാരണമെന്നാണ് സൂചന.

2014ലേക്ക് ഫണ്ട് സ്വരൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ലെന്നും ഉടന്‍ തന്നെ അടച്ചുപൂട്ടുമെന്നുമാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ വെളിപ്പെടുത്തിയത്.തെഹല്‍ക്ക നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.

ഇപ്പോള്‍ തേജ്പാല്‍ വിഷയത്തോടെ തെഹല്‍ക്ക വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. തങ്ങളുടെ പ്രതിഛായക്ക് കളങ്കം വരുത്തിയ സംഭവത്തെത്തുടര്‍ന്ന് തെഹല്‍ക്ക അടച്ചു പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്.

ഗോവയില്‍ നവംബറില്‍ നടത്തിയ തിങ്ക് ഫെസ്റ്റിവലിന് മുമ്പ് രാഷ്ട്രീയക്കാരനും വ്യാവസായിയുമായ വ്യക്തിയുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കുന്ന ഘട്ടത്തിലെത്തിയിരുന്നു തേജ്പാല്‍.

തെഹല്‍ക്കക്ക് സാമ്പത്തിക  സഹായംനല്‍കാമെന്ന് തേജ്പാലിന് വാക്ക് നല്‍കിയിരുന്ന  വ്യവസായി പക്ഷേ സാമ്പത്തിക സഹായം നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഛായ നഷ്ടപ്പെട്ട തെഹല്‍ക്കയെ സംരക്ഷിക്കാന്‍ മുന്‍ എഡിറ്റര്‍മാരുടെ നേതൃത്വത്തില്‍ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

തേജ്പാലിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ച പനാജി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി പരിഗണിക്കും. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 30നാണ് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more