| Thursday, 25th September 2014, 9:28 am

അര്‍ധസൈനികരുടെ അഴിമതി വെളിപ്പെടുത്തി തെഹല്‍ക ഒളിക്യാമറ ദൃശ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സില്‍ നിര്‍മാണകരാറിന്റെ പേരില്‍ വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് തെഹല്‍ക. കരാറുകാരില്‍ നിന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പണം ചോദിച്ചുവാങ്ങുന്ന ദൃശ്യങ്ങളാണ് തെഹല്‍ക പുറത്തുവിട്ടത്.

മുന്‍സൈനികനും മലയാളിയുമായ കരാറുകാരന്‍ സി.സി മാത്യുവില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് തെഹല്‍ക സംഘം അസം റൈഫിള്‍സിലെത്തിയത്.

ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള പണം പ്രത്യേകം പ്രത്യേകം ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എച്ച്. ദേബ് വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന്‍ സുബേദാര്‍ ഗൗതം ചക്രവര്‍ത്തി സ്വന്തം പങ്കിലുള്ള കൈക്കൂലി വാങ്ങുന്നു. കൂടാതെ ഉന്നത ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ കകാറിന്റെ കഴിഞ്ഞ കരാറുകാലത്തെ കൈക്കൂലിയും ഗൗതം ചക്രവര്‍ത്തി ചോദിച്ചുവാങ്ങുന്നു. ലഫ്. കേണല്‍ ഗോഗോയി തന്റെ കീഴ് ഉദ്യോഗസ്ഥന് പണം നല്‍കാന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

അസം റൈഫിള്‍സിന് ബജറ്റ് വിഹിതമായി പ്രതിവര്‍ഷം ലഭിക്കുന്നത് 3000 കോടി രൂപയിലധികമാണ്. അതീവ സുരക്ഷാ മേഖലയായ വടക്ക് കിഴക്കന്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക ഉപയോഗിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സൈന്യത്തിന് അംഗീകൃത കരാര്‍ തൊഴിലാളികളുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ ലഭിക്കണമെങ്കില്‍ ടെണ്ടര്‍ നടപടികളുള്‍പ്പെടെ വലിയ കടമ്പ തന്നെ കടക്കണം.

ടണ്ടര്‍ ലഭിക്കുന്ന അംഗീകൃത കോണ്‍ട്രാക്ടറില്‍ നിന്നും കരാര്‍ തുകയുടെ 30% വരെ കൈക്കൂലിയായി വിവിധ സൈനിക ഉദ്യോഗസ്ഥര്‍ വാങ്ങുന്നുണ്ടെന്നാണ് സി.സി മാത്യു ആരോപിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെഹല്‍ക ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്.

മണിപ്പൂരിലെ തമാങ് ലോങ് ജില്ലയില്‍ കെട്ടിടത്തിന്റെ കരാര്‍ ഉറപ്പിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് തെഹല്‍ക പുറത്തുവിട്ടിട്ടുള്ളത്. 24 ലക്ഷം രൂപയാണ് നിര്‍മാണ് ചിലവ്. ഇതിനായുള്ള മൊത്തം കൈക്കൂലി തുകയും 16% മാത്യുവില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൈപ്പറ്റിയിരുന്നു. ഇതിന് പുറമേ 18% തുക കൂടി വിവിധ ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ആയുധ ഇടപാടിലെ വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തെഹല്‍ക ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒളിക്യാമറ ഓപ്പറേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. അസം റൈഫിള്‍സിലെ അഴിമതി ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസങ്ങളില്‍ തെഹല്‍ക സോഷ്യല്‍ മീഡിയകളില്‍ കാമ്പെയ്ന്‍ നടത്തിയിരുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓപ്പറേഷന്‍ വെസ്റ്റ് എന്റിലൂടെ സൈന്യവുമായി ബന്ധപ്പെട്ട ആയുധ ഇടപാടിലെ അഴിമതികള്‍ പുറത്ത് കൊണ്ടുവന്നത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടതും തെഹല്‍കയായിരുന്നു.

We use cookies to give you the best possible experience. Learn more