| Tuesday, 7th February 2017, 11:35 am

കൈലേഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍സമ്മാനം മോഷണം പോയി: പണവും ആഭരണവും കവര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സാമൂഹികപ്രവര്‍ത്തകനായ  കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍പുരസ്‌കാരം മോഷണം പോയി. ഇദ്ദേഹത്തിന്റെ ദല്‍ഹിയിലെ വസതിയില്‍ ഇന്നലെ രാത്രി നടന്ന മോഷണത്തിലാണ് നൊബേല്‍പുരസ്‌കാരവും പുരസ്‌കാര തുകയും നഷ്ടമായത്.

ഇതിനൊപ്പം തന്നെ സ്വര്‍ണാഭരണവും പണവും മോഷണം പോയിട്ടുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന സത്യാര്‍ത്ഥിയും കുടുംബവും രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ദല്‍ഹിയിലെ വസതിയില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ കതക് തകര്‍ന്നത് കിടക്കുന്നത് കണ്ട അയല്‍വാസികളാണ് സത്യാര്‍ത്ഥിയെ വിവരം അറിയിച്ചത്.

ദക്ഷിണ ദല്‍ഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്. 2014ല്‍ മലാല യൂസഫ്‌സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ഥിക്ക് ലഭിച്ചത്.


എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു.

ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്നും ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more