Spoiler Alert
ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ദിവസം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഷണം ഒരു പ്രധാനപ്രമേയമാണ് ചിത്രത്തില്‍. ഫസ്റ്റ് ഹാഫ് സിനിമയെ കൊണ്ടുപോകുന്നത് തന്നെ നാട്ടില്‍ മോഷണവുമായി ബന്ധപ്പെട്ടാണ്. ഇതിനോട് ബന്ധപ്പെട്ടാണ് കൂമന്‍ എന്ന പേര് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമക്ക് ഇതിലും യോജിക്കുന്ന പേര് ലഭിക്കുമോ എന്ന സംശയം തോന്നാം.
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് നാട്ടുകാരെ വലക്കുന്ന മോഷണ പരമ്പര നടക്കുന്നത്. ഈ നാട്ടിലെ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ് ഗിരി ശങ്കര്‍. കള്ളനായ മണിയനെ ഗിരി ശങ്കര്‍ കണ്ടുമുട്ടുന്നിടത്താണ് കഥയുടെ വഴിത്തിരിവ് സംഭവിക്കുന്നത്.
മോഷണത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കള്ളന്‍ മണിയന്‍ പൊലീസുകാരനായ ഗിരിയോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘കള്ളിനും പെണ്ണിനും തരാന്‍ പറ്റാത്ത ലഹരിയാണ് മോഷണം തരുന്നത്. ഒരിക്കല്‍ അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പിടി വീഴണം അത് പോകണമെങ്കില്‍, ചിലര്‍ക്ക് അതുകൊണ്ടും പോകില്ല’. മോഷണത്തിലെ ഈയൊരു ലഹരിയുടെ എലമെന്റ് കഥാഗതിയില്‍ നിര്‍ണായകമാവുന്നുണ്ട്.
മോഷണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും വളരെ എന്‍ഗേജിങ്ങായിട്ടാണ്. സതീഷ് കുറുപ്പിന്റെ ക്യാമറ വര്‍ക്ക് ഈ രംഗങ്ങളില് ഗംഭീരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളന്‍ മണിയനായുള്ള ജാഫര്‍ ഇടുക്കിയുടെ പെര്‍ഫോമന്‍സും മികച്ചതായിരുന്നു.
സമീപകാലത്തെ മിക്ക മലയാള സിനിമകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ ആവര്‍ത്തന വിരസതയില്ലാതെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ജാഫര്‍ ഇടുക്കിക്ക് ആവുന്നുണ്ട്. കുടിയനായും കള്ളനായുമുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
Content Highlight: Theft is a major theme in the film kooman movie