ചെന്നൈ: സേലത്തു നിന്നു പഴയതും കേടുവന്നതുമായ നോട്ടുകളുമായി ചെന്നൈയിലേക്കു തിരിച്ച ട്രെയിനില്‍ വന്‍ കൊള്ള. ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ മോഷണം പോയി.
ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണു മോഷണം നടന്നതായി കണ്ടെത്തിയത്.
വിവിധ ബാങ്കുകളിലേക്കായി കൊണ്ടു പോയ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ട്രെയിനിലെ പ്രത്യേക കോച്ചില്‍ 228 പെട്ടികളിലായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
അതേസമയം എത്ര കോടി രൂപ മോഷ്ടിക്കപ്പെട്ടുവെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ട്രെയിനില്‍ ചെന്നൈയിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അധികൃതര്‍ അറിയുന്നത്.
സേലത്തു നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെ ട്രെയിന്‍ നിര്‍ത്തിയ സ്‌റ്റേഷനുകളിലെല്ലാം അധികൃതര്‍ പരിശോധന നടത്തി വരികയാണ്. ട്രെയിന്‍ ഇപ്പോള്‍ എഗ്മൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
ചിത്രം കടപ്പാട്: മനോരമ