ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം തട്ടിയ കേസിൽ ബി.ജെ.പി ജില്ലാ ട്രഷറർ, ബി.എം.എസ് ജില്ലാ സെക്രട്ടറി, മുൻ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്.
ചെങ്ങന്നൂരിലെ കീഴിച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് പണം തട്ടിയത്.
ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്ത, ബി.എം.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബി.ജെ.പി മുൻ നഗരസഭ കൗൺസിലർ കെ. ജയകുമാർ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
2020 മുതൽ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മേൽനോട്ട അവകാശത്തെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ക്ഷേത്രം ഉടമയായ മുഞ്ചിറമഠം സ്വാമി പവർ ഓഫ് അറ്റോണി വഴി മേൽനോട്ട അവകാശം തനിക്ക് നൽകിയതായി രമേശ് വേങ്ങൂർ എന്നയാൾ അറിയിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ ഹരജി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ അറിവോടെ വേണം നടപ്പാക്കാൻ എന്ന് ഉത്തരവുണ്ടെന്ന് രമേശ് വേങ്ങൂർ പറഞ്ഞിരുന്നു.
ഈ ഉത്തരവിനെ മറികടന്നാണ് ഫെബ്രുവരി നാലിന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം ചാക്കിൽ കെട്ടി കടത്തി എന്നാണ് രമേശിന്റെ പരാതി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ രമേശ് പൊലീസിനെ ഏൽപ്പിച്ചിരുന്നു.
Content highlight: Theft in temple; Case against BJP treasurer and BMS secretary