| Monday, 21st December 2020, 8:28 am

'നിരപരാധിയെ പ്രതിയാക്കി ജയിലിലിട്ട് പീഡിപ്പിച്ചു';യഥാര്‍ത്ഥ പ്രതി ആറ് വര്‍ഷത്തിന് ശേഷം കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: 2014ല്‍ കൊല്ലം അഞ്ചലിലെ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണത്തിലാണ് നിരപരാധിയായ അഗസ്ത്യക്കോട് സ്വദേശി രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്.

മോഷണക്കേസിലെ യഥാര്‍ത്ഥ പ്രതി ആറു വര്‍ഷത്തിന് ശേഷം പിടിയില്‍. ഇതോടെ 2014ല്‍ നടന്ന മോഷണത്തില്‍ നിരപരാധിയെ പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച സംഭവം പുറത്തായി

ജയിലില്‍ വെച്ച് പൊലീസ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് മോചിതനായശേഷം രതീഷ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് യഥാര്‍ത്ഥ പ്രതി തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് മെഡിക്കല്‍ സ്റ്റോറിലെ മോഷണത്തില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ മോഷണം നടത്തിയതെങ്ങനെയെന്ന് ദാസന്‍ പൊലീസിനോട് വിവരിച്ചു.

2014 സെപ്റ്റംബര്‍ 21നാണ് മെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടന്നത്. പ്രതിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറായിരുന്ന രതീഷിനെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നുണപരിശോധനയില്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയുടെ ആര്‍.സി ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പൊലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.

അറസ്റ്റിലായതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും വേദനയില്‍ നിന്ന് ആറുവര്‍ഷങ്ങള്‍ക്കിപ്പുറവും കരകയറിയിട്ടില്ലെന്ന് രതീഷും കുടുംബവും പറഞ്ഞു. അഞ്ചല്‍ പൊലീസിനെതിരെ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയ്ക്ക് നല്‍കിയ പരാതിയില്‍ 29 ന് വാദം കേള്‍ക്കാനിരിക്കെയാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Theft case arrested after six years

Latest Stories

We use cookies to give you the best possible experience. Learn more