തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മെയ് 9ന് മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്.
വെയര്‍ഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തില്‍ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയര്‍ഹൗസ് മാനേജര്‍ക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോല്‍ ഉള്ളത് എക്സൈസ് അധികൃതരുടെ കയ്യിലാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ച് മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.