ആലപ്പുഴ: ഭഗവാനെ തൊട്ടുവണങ്ങി പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. മാവേലിക്കരയില്‍ നിന്നാണ് രാജേഷ് എന്നയാള്‍ പിടിയിലായത്. മോഷണം പോയ തിരുവാഭരണങ്ങളും പൊലീസ് കണ്ടെത്തി.
അരൂര്‍ പുത്തനങ്ങാടി ശ്രീ കുമാരവിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്. പത്ത് പവനില്‍ അധികം വരുന്ന തിരുവാഭരണവും വെള്ളിരൂപങ്ങളും സ്വര്‍ണക്കൂടും അടക്കം മോഷണം പോയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഹെറാള്‍ഡ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. 10 പവന്‍ ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ ഭഗവാനെ തൊട്ടു വണങ്ങുന്നതും മോഷണ ശേഷം നടന്നുനീങ്ങുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. മുഖം മൂടി ധരിച്ചാണ് ഇയാള്‍ എത്തിയത്.
വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്ക് ക്ഷേത്രം ജീവനക്കാര്‍ ഉണര്‍ന്നപ്പോള്‍ ചുറ്റമ്പലത്തിന്റെ തെക്ക് ഭാഗത്തുള്ള വാതിലും ശ്രീകോവിലും തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുള്ള പരിശോധയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറ് മൂലഭാഗത്ത് മുകളില്‍ കയറി കമ്പിവലയുടെ ഓടാമ്പല്‍ തുറന്നാണ് കള്ളന്‍ വെളുപ്പിന് അമ്പലത്തിനകത്ത് കയറിയതെന്ന് കണ്ടെത്തിയിരുന്നു. അമ്പലത്തില്‍ നിന്ന് കിരീടം, നെക്‌ലേസ്, കുണ്ഡലം, വെള്ളി വേല്‍ തുടങ്ങിയവയാണ് മോഷണം പോയത്.