തീവണ്ടി - പാളം തെറ്റാതെ ഓടുന്ന പുകവണ്ടി
Film Review
തീവണ്ടി - പാളം തെറ്റാതെ ഓടുന്ന പുകവണ്ടി
ശംഭു ദേവ്
Sunday, 9th September 2018, 5:12 pm

“പുകവലി ആരോഗ്യത്തിന് ഹാനികരം”നമ്മളെല്ലാം കണ്ടു വരുന്ന ടാഗ് ലൈന്‍ ഒരു നിയമപ്രകാരമുള്ള മുന്നറിയിപ്പാണ്. സിഗരറ്റ് പെട്ടി മുതല്‍ സിനിമയിലുടനീളം നമ്മള്‍ കണ്ടു വരുന്ന ഒരു ശൈലി,സിനിമയില്‍ ചിരി തോന്നിക്കും വിധത്തിലുള്ള തുടക്കത്തിലുള്ള പരസ്യംവരെ അതിനുദാഹരണം.എന്നാല്‍ അത്തരം കാഴ്ചകള്‍ പ്രേക്ഷകന് അസഹിഷ്ണുതയോ മറിച് അത് ചെയ്യാനുള്ള പ്രേരണയോ സമ്മാനിക്കുന്നിടത്താണ്,വിനി വിശ്വലാല്‍ തിരക്കഥയെഴുതി ഫെലിനി ടി പി സംവിധാനം നിര്‍വഹിക്കുന്ന തീവണ്ടി എന്ന ചിത്രം അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരമാകുന്നത്.

കുട്ടിക്കാലത്തു ആരെങ്കിലും വലിച്ചു താഴേക്കിട്ട സിഗരറ്റ് കുറ്റികള്‍ ചിലപ്പോഴെങ്കിലും നമ്മുടെ ശ്രദ്ധയില്‍ പെട്ടേക്കാം,അതൊന്നു വലിച്ചു നോക്കിയേക്കാമെന്നും നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും! ഈ ചിന്തയില്‍ നിന്ന് തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിനീഷ് ദാമോദരന്‍ തന്റെ പുകവലി ജീവിതത്തിനു തുടക്കം കുറിക്കുന്നതും.

അഭിമുഖം: ‘തീവണ്ടി’ വൈകിയെങ്കിലും പ്രേക്ഷകര്‍ കൈവിടില്ലെന്ന് ഉറപ്പാണ്; സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ സംസാരിക്കുന്നു

തന്റെ അമ്മാവന് വേണ്ടി നാട്ടിന്‍പുറത്തെ പീടികയില്‍നിന്നു സിഗരറ്റ് വാങ്ങുവാന്‍ പോകുന്നിടത്ത് തൊട്ട്,അത് പിന്നെ അവന് വേണ്ടി തന്നെ ആകുന്നിടത്ത് ബിനീഷ് ,പുകവലി ഒരു ശീലം ആക്കുന്നു,ആ ശീലം തന്റെ വീട്ടിലും നാട്ടിലും അറിയുന്നിടത്തു,അവന് നാട്ടുകാര്‍ ചാര്‍ത്തികൊടുക്കുന്ന പേരാണ് “തീവണ്ടി”.ഇവിടെ നിന്നാണ് കഥ വികസിക്കുന്നതും. തീവണ്ടി പുകവലിക്കരുതെന്നു രണ്ടു മണിക്കൂര്‍ പ്രേക്ഷകന്റെ ചെവിയില്‍ ഉടനീളം ഉപദേശിക്കുന്ന ചിത്രമല്ല,മറിച്ച് പറയേണ്ട കാര്യങ്ങള്‍ ഹാസ്യത്തിന്റെ ചുവയില്‍ വളരെ ലാളിത്യത്തോടുകൂടി പറയുന്ന ചിത്രമാണ്.അത് പ്രേക്ഷകന് ഫലപ്രദമായ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നിടത്ത് തന്നെയാണ് സംവിധായകന്‍ ഫെലിനി ടി.പി കൈയടികള്‍ അര്‍ഹിക്കുന്നതും.


ടോവിനോ തോമസ് എന്ന നടന്‍ എന്ന രീതിയിലുള്ള കുതിച്ചു ചാട്ടമായിരുന്നു മായാ നദിയില്‍ കാണുവാന്‍ സാധിച്ചിരുന്നത്,അതിനു ശേഷം ബിനീഷ് എന്ന ചെയിന്‍ സ്‌മോക്കറായ നാട്ടിന്‍ പുറത്തുകാരനായി വേഷപ്പകര്‍ച്ച നടത്തുമ്പോഴും, അദ്ദേഹത്തിലെ നടനിലെ ഭാവമികവുകള്‍ മികച്ചു തന്നെ നില്‍ക്കുന്നു.ഫെലിനി ടി.പി എന്ന സംവിധായകന്‍ ടോവിനോ തോമസ് എന്ന നടന്റെ പ്രകടനം മികവുറ്റ രീതിയില്‍ ഫലപ്രദമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സെക്കന്റ് ഷോവിനും,കൂതറക്കും ശേഷമുള്ള വിനി വിശ്വലാലിന്റെ തിരക്കഥയാണ് തീവണ്ടി,ചിത്രം ഒരു മുഴുനീള സന്ദേശം നിറച്ച വണ്ടിയാകാതെ, പച്ചയായ നര്‍മ്മത്തില്‍ പറയുവാന്‍ സാധിച്ചതില്‍ അദ്ദേഹത്തിന്റെ എഴുത്ത് വളരെ ഫലപ്രദമായിട്ടുണ്ട്.താഴെ വീണ സിഗരറ്റ് കുറ്റി വലിക്കുന്നതും,സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആരും കാണതെ നാട്ടിന്‍പുറത്ത് ഇടിഞ്ഞു പൊളിഞ്ഞ പഴയ വീടുകള്‍ക്കുള്ളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും, സ്വന്തം വീട്ടിലും മറഞ്ഞ് നിന്ന് സിഗരറ്റ് വലിക്കുന്ന രംഗങ്ങളെല്ലാം പലര്‍ക്കും അവരുടെ ജീവിതത്തില്‍ ബന്ധിപ്പിക്കാവുന്ന നിമിഷങ്ങളാണ്,അവയ്‌ക്കൊപ്പം നാട്ടിന്‍പുറത്തെ രാഷ്ട്രീയവും,ബിനീഷിന്റെ പ്രണയവും,കുടുംബ പശ്ചാത്തലവും അവയിലെ വൈകാരിക നിമിഷങ്ങളും തിരക്കഥയില്‍ വിനി വിശ്വ ലാല്‍ ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ് ഭംഗിയോടെ കോര്‍ത്തിണക്കിയിട്ടുണ്ട്.കഥയില്‍ ബിനീഷ് എന്ന കഥാപാത്രത്തിന്റെ മാറ്റത്തിനായി തിരഞ്ഞെടുത്തത് ഹിമാലയമോ,മണാലിയോ ആയിരുന്നില്ല,മറിച്ച് ബിനീഷിന്റെ സ്വന്തം നാട്ടിലെ മറ്റൊരു പ്രദേശത്തിലേക്കുതന്നെ നട്ടുപിടിപ്പിച്,അവനിലെ മാറ്റം എല്ലാ പ്രേക്ഷകര്‍ക്കും സ്വീകാര്യമാക്കുന്നു.

“താന്‍ സിഗററ്റിനെയാണ് വലിക്കുന്നത്,അല്ലാതെ സിഗരറ്റ് തന്നെയല്ല”എന്ന് ബിനീഷ് പറയുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു ഭാഗം പുകവലിക്കായി മാറുന്നുണ്ടെന്ന സത്യവും അദ്ദേഹം മനസിലാക്കുന്നുണ്ട്.ഇവിടെ ബിനീഷിന്റെ തിരിച്ചറിവിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നത് വാതോരാതെയുള്ള സന്ദേശം കുത്തിവെച്ച വാക്കുകളിലോ,ചോര തുപ്പി മരിക്കുന്ന ഇരകളിലോ അല്ല,മറിച്ച് കാമ്പുള്ള,വ്യക്തിയും,വ്യക്തിത്വവും വേറിട്ടുനില്‍ക്കുന്ന പച്ചയായ മനുഷ്യരിലെ, ആഴമുള്ള തിരിച്ചറിവിലാണ്… ബിനീഷിന്റെ തിരിച്ചറിവ് പ്രേക്ഷകന്റെയും കൂടെയാകുന്നത്. ജീവിതത്തിലെ മറ്റ് ആനന്ദങ്ങളില്‍ നിന്ന് നമ്മളെ അകറ്റുന്ന ശീലം ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ബാധിക്കും.ജീവിതം ഒരു ലഹരിക്കായി നമ്മള്‍ ചിലവഴിക്കുമ്പോള്‍,നമ്മള്‍ കാണാതെ പോകുന്ന ജീവിതത്തിലെ യഥാര്‍ത്ഥ ലഹരികളാണ്.അവയ്ക്ക് ഒരു വസ്തുവിന്റെ അനിവാര്യമില്ല മറിച്ച് ഒരു ചെറുപുഞ്ചിരി മാത്രം മതി.ഇവയൊന്നും വാക്കുകളില്‍കൂടി മാത്രമല്ല കാഴ്ചകളിലും കൂടിയാണ് തീവണ്ടി നമുക്ക് സിനിമ സമ്മാനിക്കുന്നത്.അതിനു വേണ്ടി വലിയൊരു സമയവും ചിലവഴിക്കുന്നില്ല.

ഉള്ളടക്കത്തിനോട് പുലര്‍ത്തിയ സത്യസന്ധതയും,ലാളിത്യവും തന്നെയാണ് തീവണ്ടി വെറുമൊരു സന്ദേശമാകാതെ,എന്നാല്‍ സന്ദേശങ്ങള്‍ വേണ്ടുന്ന വിധത്തില്‍ പറയുന്ന ഒട്ടും മടുപ്പിക്കാത്ത ആവിഷ്‌കാരമാകുന്നതും.

Also Read ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും ഒഴിവാക്കണം; ‘തീവണ്ടി’ യിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് ടൊവിനോ

നാട്ടിന്‍പുറത്തെ പഴയ വീടും,പറമ്പും,പീടികയും,തുരുത്തുമെല്ലാം ബിനീഷിന്റെയൊപ്പം തീവണ്ടിയാത്രയില്‍ ഗൗതം ശങ്കര്‍ തന്റെ ഛായാഗ്രഹണത്തോടെ മികച്ചതാക്കി,കഥയോടും അതിന്റെ പശ്ചാത്തലത്തോടും യോജിച്ചു നില്‍ക്കുന്ന ഛായാഗ്രഹണമായിരുന്നു ഗൗതമിന്റേത്.തീവണ്ടിയെ വഴി തെറ്റിക്കാതെ അതിന്റെ ലക്ഷ്യത്തിലേക്കു എത്തിക്കുന്ന വിധത്തിലുള്ള എഡിറ്റിംഗായിരുന്നു അപ്പു ഭട്ടതിരിയുടേത്…ഓരോ ബോഗിയും വേണ്ടുന്ന വിധത്തില്‍ അദ്ദേഹം കോര്‍ത്തിണക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിന് മുന്‍പേ “ജീവാംശമായ് ” എന്ന ഗാനം മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു ,ചിത്രത്തിലെ “പൊന്നാണെ” എന്ന ജോബ് കുര്യന്റെ ഗാനം ഏറെ ഇഷ്ടപ്പെട്ടു.കൈലാസ് മേനോന്റെ സംഗീതം തീവണ്ടിയുടെ വേഗതയോടു ചേര്‍ന്ന് നില്‍ക്കുന്ന താളത്തിലായിരുന്നു.കഥയുടെ സന്ദര്‍ഭങ്ങളോട് യോജിച്ചു നില്‍ക്കുന്ന പശ്ചാത്തല സംഗീതം.

പ്രകടനത്തില്‍ ടോവിനോ എന്ന നടന്റെ പുതിയൊരു തലത്തിലേക്കുള്ള എത്തിനോട്ടവും,ഭാവമികവും ഉയര്‍ന്നു നിന്നപ്പോള്‍, സൈജു കുറുപ്പും സൂരജ് വെഞ്ഞാറമൂടും അവരുടെ വേഷം അതി ഗംഭീരമാക്കി.മിഥുന്‍ നായരിന്റെയും (സെക്കന്റ് ഷോ ഫെയിം), സുധീഷിന്റെയും പ്രകടനവും എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ചിത്രത്തിന്റെ.എഡിസണ്‍ തുരുത്തിലെ പാട്ടുകാരിലൊരാളായ സെക്കന്റ് ഷോയിലെ അബുവിന്റെ പ്രകടനവും നന്നായി അനുഭവപെട്ടു. പുതുമുഖ നടി സംയുക്ത മേനോന്റെ പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്ന ഘടകമാണ്.ഒപ്പം സുരഭിലക്ഷ്മി,ഷമ്മി തിലകന്‍,രാജേഷ് ശര്‍മ്മ,വിജിലേഷ് എന്നിവരുടെ കഥാപാത്രവും ഭംഗിയോടെ അവതരിപ്പിച്ചു.
തീവണ്ടി വൈകിയെത്തിയെങ്കിലും യാത്രക്കാരെ മുഷിപ്പിക്കാതെ ലക്ഷ്യത്തിലേക്കെത്തിക്കുന്ന ചിത്രമാണ്.ടിക്കറ്റ് എടുത്താല്‍ പുതിയൊരു ചിന്തയിലേക്ക് നിങ്ങളെക്കൊണ്ടെത്തിക്കുന്ന യാത്ര.