ന്യൂദല്‍ഹി:തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജഡ്ജി എസ്.പി ഗാര്‍ഗ് അന്വേഷിക്കും. സംഭവത്തില്‍ കോടതി സ്വമേധയ ആണ് കേസെടുത്തത്.
ദല്‍ഹി ഹൈക്കോടതി കേസില്‍ ഇന്ന് വിശദമായ വാദം ഇന്ന് കേട്ടു. ദല്‍ഹി പൊലിസിന്റെയും അഭിഭാഷ സംഘടനകളുടെയും വാദമാണ് കോടതി കേട്ടത്. ഇതുവരെ കേസില്‍ സ്വീകരിച്ച നടപടികള്‍ ദല്‍ഹിപൊലീസ് കോടതിയെ ബോധിപ്പിച്ചു.
അതേസമയം, ദല്‍ഹി പൊലീസിന്റെ അന്വേഷണം ആശാവഹമല്ലെന്നും അവര്‍ അന്വേഷിച്ചാല്‍ കൃത്യമായ നടപടികള്‍ ഉണ്ടാകില്ലെന്നും ഒരു റിട്ട:ജഡ്ജിയുടെ നേതൃത്വത്തില്‍ സി.ബി.ഐ യുടെയും ഐ.ബിയുടെയും ഇന്റലിജന്‍സിന്റേയും ഡയറക്ടര്‍മാരുടെ സഹായത്തോടെ കേസ് അന്വേഷിക്കണമെന്നും അഭിഭാഷക സംഘടനകള്‍ കോടതിയെ അറിയിച്ചു.
അഭിഭാഷക സംഘടനകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി. സി.ബി.ഐയുടെയും, ഐ.ബിയുടെയും ഇന്റലിജന്‍സിന്റേയും ഡയരക്ടര്‍മാരോ അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന് 50000 രൂപ നഷ്ടപരിഹാരം നല്‍കാനും മറ്റ് പരിക്കേറ്റ അഭിഭാഷകര്‍ക്ക് 10000 രൂപ നല്‍കാനും കോടതി ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിഭാഷകര്‍ക്ക് ഏറ്റവും മികച്ച ചികിത്‌സ തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ദല്‍ഹി പോലീസ് എടുത്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാനും കോടതി ദല്‍ഹി പൊലീസിനോട് ഉത്തരവിട്ടു.
ദല്‍ഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം 20 പൊലീസുകാര്‍ക്കും എട്ടു അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു.
12 ബൈക്കുകള്‍, ഒരു ജിപ്സി ജീപ്പ്, ഏട്ടു ജയില്‍ വാനുകള്‍ എന്നിവ സംഘര്‍ഷത്തില്‍ തകര്‍ന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കോടതി വളപ്പിനെ സംഘര്‍ഷത്തിലാക്കിയത്.
അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ അഭിഭാഷകര്‍ സംഘടിതമായി പ്രതിരോധിച്ചു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.
ഇതോടെ കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി. സംഘര്‍ഷം ദല്‍ഹി ഹൈക്കോടതി പരിസരത്തേക്ക് നീങ്ങിയതോടെ പൊലീസ് വെടിയുതിര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ