കൊച്ചി: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. നിലവില്‍ കര്‍ശന ഉപാദികളോടെ പൊതുപരിപാടികളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നത്.
പിന്നീട് ആനപ്രേമികളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
2019ല്‍ വിലക്കിനിടയില്‍ ഒരു മണിക്കൂര്‍ കര്‍ശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതില്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതില്‍ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.
രാമചന്ദ്രന്റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങിന് മാത്രമായി പങ്കെടുപ്പിച്ച് വരുകയായിരുന്നു.
തലപ്പൊക്കത്തില്‍ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. 13 പേരെ കൊലപ്പെടുത്തിയെന്ന കുപ്രസിദ്ധിക്കിടയിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്.
കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ പേരിലാണ്. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാന്‍സ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരന്‍.
Content Highlight: Thechikottukavu Ramachandran Elephant got another ban by High Court