കൊച്ചി: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. നിലവില്‍ കര്‍ശന ഉപാദികളോടെ പൊതുപരിപാടികളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നത്.
തലപ്പൊക്കത്തില്‍ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. 13 പേരെ കൊലപ്പെടുത്തിയെന്ന കുപ്രസിദ്ധിക്കിടയിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്.
കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ പേരിലാണ്. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാന്‍സ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരന്‍.