| Wednesday, 8th May 2019, 5:27 pm

ആന എഴുന്നള്ളത്ത് ഹൈന്ദവ ഗ്രന്ഥങ്ങളിലില്ല; ആനയും ദേവപ്രീതിയുമായി ഒരു ബന്ധവുമില്ല: ലക്ഷ്മി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്ത്ര ഗ്രന്ഥങ്ങളിലൊന്നും ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശമില്ലെന്നും ആനയെ എഴുന്നള്ളിക്കുന്ന ആചാരത്തിന് വളരെ ചെറിയ കാലപ്പഴക്കമേ ഉള്ളൂവെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”തന്ത്ര ഗ്രന്ഥങ്ങളിലൊന്നും തന്നെ ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശമില്ല. തൃശ്ശൂര്‍ പൂരം എന്നത് ശക്തന്‍ തമ്പുരാന്‍ തുടങ്ങി വെച്ച ഒന്നാണ്. അതും ക്ഷേത്രത്തിലെ പൂജയോ, ദേവനോ, ദേവിയോ ആയി ഒരു ബന്ധവുമില്ല. അവിടെ കാണാനുള്ള ഭംഗിയും ആളുകളുടെ പങ്കാളിത്തവുമായിരുന്നു ലക്ഷ്യം. ബാക്കിയെല്ലാം പിന്നീട് ഉണ്ടായി വന്നതാണ്. അങ്ങനെ നോക്കിയാല്‍ ആനയെ എഴുന്നള്ളിക്കുന്ന രീതിക്ക് വളരെ ചെറിയ കാലപ്പഴക്കമേ ഉള്ളൂ.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകളില്‍ ഒരിടത്ത് ആനയെ നടയിരുത്തിയതായി കാണാം. ഇതല്ലാതെ എഴുന്നള്ളത്തിന് ആനയെ ഉപയോഗിക്കുന്ന രീതി കേരളീയ ക്ഷേത്ര ഗ്രന്ഥങ്ങളുടെ ഭാഗമേയല്ല. ഇപ്പോള്‍ പൂരത്തിന്റെ പേരില്‍ പലപ്പോഴും ആനകളോട് കാണിക്കുന്നത് അസംബന്ധവും ക്രൂരതയുമാണ്.” ലക്ഷ്മി രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ സര്‍ക്കാര്‍ വിലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ലക്ഷ്മി രാജീവിന്റെ പ്രതികരണം.

ആനയെ തൃശൂര്‍പൂരത്തിന് വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു പരിപാടിയ്ക്കും ആനകളെ വിട്ടു നല്‍കില്ലെന്ന് ആനയുടമകള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ തൃശൂര്‍ പൂരത്തിന് തങ്ങളുടെ എല്ലാ ആനകളേയും വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചിട്ടുണ്ട്.

ആരോഗ്യമുള്ള എല്ലാ ആനകളേയും വിട്ടുനല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. വിലക്കും പൂരവുമായി ബന്ധമില്ലെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more