തെച്ചിക്കോട്ട് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് ഉണ്ടായേക്കില്ല; സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി
Kerala News
തെച്ചിക്കോട്ട് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് ഉണ്ടായേക്കില്ല; സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 9:09 am

കൊച്ചി: അസുഖവും പരിക്കുള്ളതുമായ ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി.

വൈല്‍ഡ് ലൈഫ് റെസ്‌ക്യു ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് ഹൈകോടതിയുടെ നിര്‍ദേശം.

കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലാ തല സമിതികള്‍ക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് സംഘടന സെക്രട്ടറിയും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗവുമായ ഇടുക്കി മുലമറ്റം സ്വദേശി എം.എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

അസുഖമുള്ളതോ പരിക്കേറ്റതോ ഗര്‍ഭിണിയോ ആയ ആനകളെ ഉല്‍സവങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുടെ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക, ഈ ആനകള്‍ മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ഉടമകളില്‍ നിന്നും ജില്ലാ തല സമിതികളില്‍ നിന്നും ഈടാക്കാന്‍ ഉത്തരവിടുക, ആരോഗ്യമില്ലാത്ത ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ തൃശൂര്‍ പൂരത്തിനും ഉല്‍സവങ്ങള്‍ക്കുമെതിരെ സംഘടിതമായ ഗൂഡ നീക്കങ്ങള്‍ നടക്കുന്നതായി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

ഹരജിക്കാരന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചാല്‍ തൃശൂര്‍ പൂരത്തിന് ആനയെ ഉപയോഗിക്കാന്‍ കഴിയാതാവുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

അനാവശ്യ വ്യവഹാരങ്ങള്‍ നടത്തി വിവാദമുണ്ടാക്കി പൊതുജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ശ്രമമെന്നും തൃശൂര്‍ പൂര അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഹരജികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എ.എ.ജി കോടതിയില്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. കൂടാതെ കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയേയും നിയമിച്ചു.

അതേസമയം, തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ വ്യക്തമാക്കിയിരുന്നു. അപകടകരമായ സാഹചര്യം ഒഴിവാക്കിയേ തീരുവെന്നും തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

ആന അക്രമാസക്തനാണ് അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ല. 2007 മുതല്‍ നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നിട്ടുണ്ട്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും നേരത്തെ വനംമന്ത്രി കെ. രാജു വ്യക്തമാക്കിയിരുന്നു.