തൃശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ഫിറ്റ്നെസ് പരിശോധന വിജയകരം. രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്ന് ഡോക്ടര്‍മാര്‍. ആനയുടെ ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. കാഴ്ച്ചപൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പാപ്പാന്മാരോട് അനുസരണകാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് രണ്ട് മണിക്കൂറിനുള്ളില്‍ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും.
ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു.
ജില്ലാ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റെതായിരുന്നു തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് കളക്ടര്‍ ടി.വി അനുപമ പറഞ്ഞത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണെങ്കിലും പൂര വിളംബരത്തിന് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കമ്മറ്റിയുടെ അനുമതിയോട് കൂടി അനുവദിക്കാമെന്നാണ് നിയമോപദേശം.
കര്‍ശന ഉപാധികളോടെ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത്തരമൊരു കീഴ് വഴക്കമുണ്ടാക്കുന്നത് കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ളത് കൊണ്ടാണെന്നും ഭാവിയിലും പൊതുതാത്പര്യം കണക്കിലെടുത്ത് ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറയുന്നു.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.