| Saturday, 9th January 2021, 9:13 pm

മാസ്റ്ററിന് വേണ്ടി മാത്രം തിയേറ്റര്‍ തുറക്കാനാവില്ലല്ലോ? തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തിയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍.

തിയേറ്റര്‍ വ്യവസായത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മാസ്റ്റര്‍’ റിലീസ് മുന്നില്‍ കണ്ടുമാത്രം തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന സംഘടനയുടെ തീരുമാനത്തിനു പിന്നിലെ കാരണവും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

‘സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ എല്ലാ തിയേറ്റര്‍ ഉടമകളുടെയും ആഗ്രഹം. പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. തീയേറ്റര്‍ തുറക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഞങ്ങളോട് എന്തെങ്കിലും സ്‌നേഹം കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും കിട്ടിയില്ല. ഫിലിം ചേംബര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നു തന്നെയാണ് തീരുമാനമെന്നും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ആന്റണി പറഞ്ഞു.

‘ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തിയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തിയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ ആവില്ലല്ലോ. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് വാശി പിടിക്കില്ല’, ആന്റണി പറഞ്ഞു.

ഇതോടെ ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന മാസ്റ്റര്‍ സിനിമയുടെ റിലീസ് അനിശ്ചിതത്തിലായിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആവുകയുള്ളു.

‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

നേരത്തെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്.

വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.

എന്റര്‍ടൈന്‍മെന്റ് ടാക്‌സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Theatres Association On Master Release

We use cookies to give you the best possible experience. Learn more