സംസ്ഥാനത്ത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തില്‍
Movie Day
സംസ്ഥാനത്ത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2012, 9:17 am

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാസമരം. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് സമരം നടത്തുന്നത്.

വൈദ്യുതിചാര്‍ജ് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്ന് അഞ്ച് രൂപയാക്കി ഉയര്‍ത്തുക, തിയറ്ററുകളില്‍ നിന്ന് സാംസ്‌കാരിക ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.[]

കേരളത്തിലെ 70 സെന്ററുകളിലായി 360 റിലീസ് തിയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കില്ല. അതെസമയം ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ നിന്നു വിട്ടുനില്‍ക്കും

ഷാഫിയുടെ ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്, എം.മോഹനന്റെ നയന്‍ വണ്‍ സിക്‌സ്, ജെയിംസ് ബോണ്ട് ചിത്രം സ്‌കൈഫാള്‍ എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ്  ചെയ്യാനിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലും സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ മലയാളസിനിമ ബഹിഷ്‌കരിച്ച് തിയറ്ററുടമകള്‍ പ്രതിഷേധസമരം നടത്തിയിരുന്നു.

മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി തിയറ്ററുടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ക്ഷേമനിധി വിഹിതം ഈടാക്കാതിരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.

മള്‍ട്ടിപ്ലെക്‌സുകളും സമരത്തില്‍ പങ്കെടുക്കില്ലെന്നാണ്സൂചന. അതെസമയം സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷ ന്‌ കീഴിലുള്ള 126 തിയറ്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

ചലച്ചിത്രനിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെയാണ് തിയറ്ററുടമകളുടെ പ്രതിഷേധം. എന്നാല്‍ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള ബി ക്ലാസ് തിയറ്ററുടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.