| Tuesday, 3rd January 2017, 12:06 pm

ഇനി തിയേറ്റര്‍ അടച്ചിട്ട് സമരം: അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ സമരത്തില്‍ നിലപാട് കടുപ്പിച്ച് തിയേറ്ററുടമകള്‍. തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം ശക്തമാക്കാനാണ് തീരുമാനം. ജനുവരി അവസാന വാരമെത്തുന്ന തമിഴ്-ഹിന്ദി റിലീസുകള്‍ കഴിഞ്ഞാല്‍ മറുഭാഷയില്‍ നിന്ന് പ്രധാന റിലീസുകള്‍ സ്വീകരിക്കില്ല.

സമരം പരിഹരിക്കാനായി സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്  ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അതേസമയം മലയാള സിനിമകള്‍ പൂര്‍ണമായും അവഗണിച്ച് തിയറ്ററുകള്‍ കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കാനാകില്ല എന്നതും തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തിന് ഫെഡറേഷനെ പ്രേരിപ്പിക്കുന്നുണ്ട്.


സമരം തുടങ്ങയതിന് പിന്നാലെ നിലവില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിയേറ്ററര്‍ അടച്ചിട്ടുള്ള സമരത്തിന് ഉടമകള്‍ തീരുനാനിക്കുന്നത്.

തിയേറ്റര്‍ വിഹിതം 50-50 എന്ന ആക്കണമെന്ന നിലപാടില്‍ തിയറ്ററുടമകളും നേരത്തെ നല്‍കി വന്ന വിഹിതത്തില്‍ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ച എങ്ങുമെത്താതെ പോയത്.

ഡിസംബര്‍ 16ന് സിനിമാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനകളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തിയെങ്കിലും അതും പരാജയമായിരുന്നു. സിനിമാസമരത്തിനൊപ്പം തന്നെ ഡിസംബര്‍ 16 മുതല്‍ പുതിയ സിനിമകളുടെ ചിത്രീകരണവും നടക്കുന്നില്ല.

സമരത്തെതുടര്‍ന്ന് ക്രിസ്തുമസ് റിലീസുകള്‍ ഉപേക്ഷിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

25 വര്‍ഷം മുമ്പ് തീരുമാനിച്ച വിതരണ വിഹിതം 60:40 എന്നതില്‍ കാലോചിതമായ മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഫിലിം എക്സിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായുള്ള ആവശ്യമാണിതെന്നും തീരുമാനം ആകാത്തതു കൊണ്ടാണ് ഡിസംബര്‍ 16 മുതല്‍ പുതിയ വിതരണ വിഹിത അടിസ്ഥാനത്തിലേ സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കേണ്ടതുള്ളൂ എന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പടങ്ങള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും പ്രസ്താവനയില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more