തിരുവനന്തപുരം: തിയേറ്റര്‍ സമരത്തില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. കേരളത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കാനാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് പിന്‍വലിക്കുന്നത്. 300 ഓളം തിയേറ്ററുകളില്‍ പ്രദര്‍ശനം മുടങ്ങും. ക്രിസ്തുമസിന് ഒരു സിനിമ പോലും റിലീസ് ചെയ്യില്ല.
തിയറ്റര്‍ ഉടമകളും ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി എ.കെ.ബാലന്‍ ഇടപെട്ടെങ്കിലും ചര്‍ച്ച പരാജയമായിരുന്നു.
മന്ത്രിയും സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തള്ളിയതോടെയാണു ചര്‍ച്ച പരാജയപ്പെട്ടത്.
നിലവില്‍ സിനിമയില്‍ നിന്നുള്ള വരുമാനം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയറ്റര്‍ ഉടമകള്‍ക്കു 40 ശതമാനവുമാണ്. ഇത് 50-50 ആക്കണമെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യം പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്നും ശുപാര്‍ശ ഉടനടി നടപ്പാക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇത് അംഗീകരിച്ചില്ല.
ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയാറല്ലെങ്കില്‍ സിനിമ റിലീസ് ചെയ്യാന്‍ തങ്ങളുമില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിന്റെ “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍”, ദുല്‍ഖര്‍ സല്‍മാന്റെ “ജോമോന്റെ സുവിശേഷം”, പൃഥ്വിരാജിന്റെ “ഇസ്ര”, ജയസൂര്യയുടെ “ഫുക്രി”, സൂര്യയുടെ തമിഴ് ചിത്രം, ഒരു ഹിന്ദി ചിത്രം എന്നിവയുടെ റിലീസിങ് ക്രിസ്മസിനുണ്ടാവില്ല.
അതേസമയം തിയറ്റര്‍ ഉടമകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
തന്റെ തിയറ്ററുകള്‍ ഉള്‍പ്പടെയുള്ളവ എണ്‍പത് ശതമാനം നവീകരിച്ചവയാണെന്നും ഇതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ഇങ്ങനെയൊരു തീരുമാനം മുന്നോട്ട് വച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഇവിടെ തിയറ്റര്‍ വിഹിതം രണ്ടുതരത്തിലാണ്. മള്‍ട്ടിപ്ളെക്സിനു ലഭിക്കുന്ന തിയറ്റര്‍ വിഹിതം ലഭിച്ചാല്‍ സിനിമ റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍ തയ്യാറാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.