| Saturday, 14th January 2017, 9:49 am

ഒടുവില്‍ തോറ്റു പിന്‍വാങ്ങി; തിയേറ്റര്‍ സമരം പിന്‍വലിക്കുന്നതായി ലിബര്‍ട്ടി ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിയേറ്റര്‍ സമരം പിന്‍വലിച്ചതായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. 26ാം തിയതി വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഇന്ന് മുതല്‍ പ്രദര്‍ശം തുടരുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഫെഡറേഷന്റെ ഈ നിലപാട്.

ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക് പോകുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.

സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയറ്ററുകള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ച തിയറ്റര്‍ സമരം ഉപേക്ഷിച്ചു പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറായിരുന്നു. ട്രഷറര്‍ സാജു ജോണിയുടെ രാജിയും ഫെഡറേഷന്‍ നേതൃത്വത്തിനു തിരിച്ചടിയായി. ഫെഡറേഷന്‍ വിട്ട തിയറ്റര്‍ ഉടമകളെക്കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടനയുടെ രൂപീകരണ പ്രഖ്യാപനം ഇന്നുണ്ടാകാനിരിക്കെയാണ് സമരം പിന്‍വലിക്കുന്നതായി ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപനം നടത്തിയത്.

തിയറ്റര്‍ ഉടമ കൂടിയായ നടന്‍ ദിലീപിന്റെ കാര്‍മികത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പുതിയ സംഘടനയ്ക്കു പിന്നിലുള്ളത്.

തിയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി , ആന്റണി പെരുമ്പാവൂര്‍ എന്നിവരും നേതൃത്വത്തിലുണ്ടാകും. ഇന്ന് നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കുമെന്നും സൂചനകളുണ്ടായിരുന്നു.

സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം എക്സിബിറ്റേഴസ് ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

സമരം പ്രഖ്യാപിച്ചത് മുതല്‍ ഏകപക്ഷീയമായാണ് പെരുമാറിയതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി  യോഗം വിളിക്കുമെന്നും പറഞ്ഞെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ ഉറച്ച് നിന്ന സംഘടനയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണമായതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.


ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളുടെ തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തില്‍ വസ്തുതാ പരിശോധന സമിതിയെ ഏര്‍പ്പെടുത്തി ആവശ്യമെങ്കില്‍ റെഗുലേറ്ററി കമ്മീഷനെ നിയോഗിക്കാമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗത്തില്‍ അറിയിച്ചെങ്കിലും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാടിനെ എതിര്‍ക്കുകയാണുണ്ടായത്. ഇതര സംഘടനകള്‍ ഈ തീരുമാനത്തെ അനുകുലിച്ചിരുന്നെന്നും പറഞ്ഞ മുഖ്യ മന്ത്രി സമരം നിര്‍ത്തിവെച്ച് അനുരഞ്ജനത്തിനു തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more