| Saturday, 25th July 2020, 10:17 am

തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കാമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് വിഭാഗം; അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കൊവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്.

എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീയേറ്ററുകള്‍ തുറന്നാലും സുരക്ഷ മാനദണ്ഡങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വരിയിലെയും തുടര്‍ന്ന് ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി തീയേറ്ററില്‍ ഇരിക്കാനുള്ള സജ്ജീകരണം ഉണ്ടാക്കണം.

‘തീയേറ്ററില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് വേണം സീറ്റ് ക്രമീകരിക്കാന്‍ എന്നാണ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ കേന്ദ്ര ആഭ്യാന്തര മന്ത്രാലയത്തിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു’- അമിത് ഖാരെ പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത തീയേറ്റര്‍ ഉടമകള്‍ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. ഇരുപത്തഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അടച്ചുപൂട്ടുന്നതിനെക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് ഇവരുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more