| Thursday, 1st October 2020, 12:03 am

തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; വിനോദ നികുതി നിര്‍ത്തലാക്കണമെന്നും ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:അണ്‍ലോക്ക് 5 ന്റെ ഭാഗമായി തിയേറ്ററുകള്‍ക്ക് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ച് ഫിലിം ചേംബര്‍.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ തിയേറ്ററുകളെ അവഗണിച്ചുവെന്നും വിനോദ നികുതി നിര്‍ത്തലാക്കണമെന്നും ഫിലിം ചേംബര്‍ പറഞ്ഞു.

നേരത്തെ കൊവിഡ് കാലത്ത് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് ഫിലിം ചേംബര്‍ രംഗത്തെത്തിയത്.

ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കുക. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു.

കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം. ഒക്ടോബര്‍ 15 ന് ശേഷം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. സ്‌കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയുണ്ട്.

രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകേണ്ടത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണം.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കണം.

നേരത്തെ അണ്‍ലോക്ക് 4 പ്രഖ്യാപിച്ചപ്പോള്‍ സെപ്തംബര്‍ 21 ന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Theatre’s won’t open-film chamber

We use cookies to give you the best possible experience. Learn more