| Friday, 6th April 2018, 1:06 pm

'ഞങ്ങളുടെ കാര്യത്തില്‍ വെറുതെ തലയിടാന്‍ വരേണ്ട'; വിശാലിന് തിയേറ്റേഴ്സ് അസോസിയേഷന്റെ മറുപടി, തമിഴ്‌നാട്ടില്‍ സിനിമാ സമരം തുടരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം സമവായമാകാതെ തുടരുന്നു. നടനും തമിഴ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷനുമായ വിശാലിനെതിരെ തമിഴ്നാട് തിയേറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

തിയേറ്ററുകളുടെ കാര്യത്തില്‍ അനാവശ്യമായി തലയിടുന്നത് വിശാല്‍ നിര്‍ത്തണമെന്നും തിയേറ്ററുകളില്‍ എങ്ങനെ ആളുകളെ കയറ്റണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും സുബ്രഹ്മണ്യം പറഞ്ഞു.

“നിരക്ക് കുറച്ചും സൗകര്യങ്ങള്‍ കൂട്ടിയും ആളുകളെ തിയ്യറ്ററുകളിലേയ്ക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് വിശാല്‍ സംസാരിക്കുന്നത് കേട്ടു. തിയേറ്ററിലേയ്ക്ക് ആളുകളെ എങ്ങനെ കൊണ്ടുവരണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇതിനെക്കുറിച്ചൊന്നും നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു തരേണ്ടതില്ല. നിങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ മാറിനില്‍ക്കുകയായിരുന്നല്ലോ”.


Also Read:  ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നിരോധിക്കണം; കാവേരി വിഷയത്തില്‍ കടുത്ത തീരുമാനവുമായി രാഷ്ട്രീയപാര്‍ട്ടികള്‍


നേരത്തെ നിര്‍മാതാക്കളുമായി വിഷയം തിയേറ്റര്‍ ഉടമകള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സുബ്രഹ്മണ്യന്‍ പങ്കെടുക്കരുതെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് താന്‍ അനുസരിച്ചിരുന്നെന്നും എന്നാല്‍ പ്രശ്‌നം അനന്തമായി നീണ്ടുപോകുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഓണ്‍ലൈന്‍ ടിക്കറ്റ് ചാര്‍ജ് കുറയ്ക്കണം എന്നതാണ് നിര്‍മാതാക്കളുടെ ഒരാവശ്യം. എന്നാല്‍, ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ പണം തിയേറ്ററുകള്‍ക്കല്ല സേവനദാതാക്കള്‍ക്കാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പരിഹാരം വേണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടന ടിക്കറ്റ് വില്‍പനയ്ക്ക് നേരിട്ടൊരു വെബ്സൈറ്റ് തുടങ്ങട്ടെ.”


Also Read:  സല്‍മാന് ജാമ്യമില്ല, രണ്ടാം ദിവസവും ജയിലില്‍ ;ആത്മമിത്രത്തെ കാണാന്‍ ജയിലിലെത്തി നടി പ്രീതി സിന്റ


സംസ്ഥാനത്തിന് പുറത്ത് നിര്‍മാതാക്കള്‍ക്ക് തിയേറ്ററുകള്‍ക്ക് വി.പി.എഫ് ചാര്‍ജ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് തമിഴ്നാട്ടിലും അത് നല്‍കുന്നില്ലെന്നും തിയേറ്റേഴ്സ് അസോസിയേഷന്‍ ചോദിക്കുന്നു.

ഏതെങ്കിലും തിയേറ്റര്‍ ഉടമകള്‍ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അസോസിയേഷന്‍ നടപടി എടുക്കുമെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയെ മുഴുവനായി അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും സുബ്രഹ്മണ്യം പറഞ്ഞു.

Watch This Video:

We use cookies to give you the best possible experience. Learn more