| Saturday, 30th October 2021, 4:49 pm

മരക്കാര്‍ തിയേറ്ററില്‍ തന്നെ? 10 കോടി അഡ്വാന്‍സ് നല്‍കുമെന്ന് തിയേറ്റര്‍ ഉടമകള്‍; ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നും വിശദീകരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പത്ത് കോടിയോ അതിലധികമോ മരക്കാറിന് അഡ്വാന്‍സായി നല്‍കുമെന്ന് തിയേറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തിലാണ് തിയേറ്റര്‍ ഉടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിയേറ്റര്‍ റിലീസിനായി ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആ നിര്‍ദേശം തങ്ങളാണ് മുന്നോട്ട് വെച്ചതെന്നും അവര്‍ പറഞ്ഞു.

ഒ.ടി.ടിയില്‍ നിന്നും ലഭിക്കുന്ന തുക മിനിമം ഗ്യാരണ്ടിയായി കിട്ടണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തിലില്ലെന്നും, അഡ്വാന്‍സായി 10 കോടി നല്‍കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനായി വലിയൊരു തുക അവര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അത് അദ്ദേഹത്തിന്റെ നഷ്ടം മറികടക്കുന്ന തുക ആയിരിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അതിനെ മറികടക്കാവുന്ന ഒരു തുക നല്‍കുന്നത് സാധ്യമല്ല. എങ്കിലും, തങ്ങളുടെ കഴിവിന്റെ പരമാവധി തുക നല്‍കാമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തിയേറ്റര്‍ ഉടമകളും, നിര്‍മാതാക്കളും, ചിത്രത്തിലെ പ്രധാന നടനും ഒരുപാട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്നും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനങ്ങളാണ് ഉണ്ടാവുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റിലീസിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവെന്നാണ് അവര്‍ പറയുന്നത്.

മലയാളത്തിലെ മറ്റ് ചിത്രങ്ങളെ കാണുന്നത് പോലെ മരക്കാര്‍ എന്ന ചിത്രത്തെ കാണാന്‍ പറ്റില്ലെന്നും, കേരളത്തിന്റെ ചിത്രമായി ഏറ്റെടുത്ത് മരക്കാര്‍ തിയേറ്ററിലേക്ക് കൊണ്ടു വരണം എന്നാണ് വിതരണക്കാരും നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും സംയുക്തമായി എടുത്ത തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെക്കുന്നത്.

ഇതോടൊപ്പം സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും രാജി വെച്ചിരുന്നു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശം രാജികത്ത് നല്‍കിയത്.

താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ്പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒ.ടി.ടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Theatre owners about Marakkar Movie

We use cookies to give you the best possible experience. Learn more