തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. രാവിലെ 9 മണിമുതല്‍ രാത്രി 9 മണി വരെ മാത്രമെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ ആള്‍ക്കാരെ ഇരുത്താന്‍ പാടുള്ളുവെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
അതേസമയം ചലച്ചിത്ര പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയറ്ററുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തിയറ്ററുടമകള്‍.
തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ ജനുവരി അഞ്ചിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിട്ടുണ്ട്.
ഇളവുകള്‍ അനുവദിക്കാതെ തിയറ്റര്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തിയറ്ററുടമകള്‍. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
ജനുവരി അഞ്ചിന് കേരളത്തിലെ തിയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജനുവരി ഒന്നിനാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. തിങ്കളാഴ്ചയ്ക്കകം തിയേറ്ററുകള്‍ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിക്കറ്റ് നിരക്കില്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക