24000 എന്നത് അളവ്, പിഴയല്ല;നാടകസമിതിയുടെ വാഹനത്തിലെ ബോര്‍ഡിന് 24000 രൂപ പിഴയീടാക്കിയിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
Kerala News
24000 എന്നത് അളവ്, പിഴയല്ല;നാടകസമിതിയുടെ വാഹനത്തിലെ ബോര്‍ഡിന് 24000 രൂപ പിഴയീടാക്കിയിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 9:53 am

തൃശ്ശൂര്‍: നാടക സമിതിയുടെ വാഹനത്തില്‍ വെച്ച ബോര്‍ഡിന് പിഴയിട്ടു എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ പിഴയായി 24000 രൂപ ഈടാക്കിയിട്ടില്ലെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘24,000 എന്നത് പിഴ തുകയല്ല, ബോര്‍ഡിന്റെ വലുപ്പമായ 24,000 ചതുരശ്ര സെന്റി മീറ്ററാണ്.’

ചാവക്കാട് ബ്ലാങ്ങാട് നാടകമവതരിപ്പിക്കാന്‍ പോയ ആലുവ അശ്വതി നാടകസമിതിയുടെ വാഹനം ചേറ്റുവ പാലത്തിനു സമീപം തടഞ്ഞ് പരിശോധന നടത്തിയതാണ് സംഭവം. ‘കുഞ്ഞേട്ടന്റെ കുഞ്ഞുലോകം’ എന്ന നാടകത്തിന്റെ പേരും സമിതിയുടെ പേരും അനുമതിയില്ലാതെ വാഹനത്തില്‍ രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ 24,000 എന്നെഴുതി രസീത് നല്‍കുകയായിരുന്നു. വാഹനത്തിലെ നെയിം ബോര്‍ഡിന്റെ വലുപ്പം കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ 24,000 രൂപ പിഴയിട്ടു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

‘24,000 അടയ്ക്കണമെന്നും എങ്കിലേ നിങ്ങളുടെ അഹങ്കാരം തീരുകയുള്ളുവെന്നും’ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നാടകക്കാര്‍ പറയുന്നു.

വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. പുരോഗമന കലാസാഹിത്യ സംഘം പോലുള്ള സാംസ്‌കാരിക സംഘടനകള്‍ പ്രതിഷേധിച്ചു.

ഉദ്യോഗസ്ഥരുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം.നടപടി നിയമാനുസൃതമാണെങ്കില്‍ തന്നെ വകുപ്പ് മേധാവികളും സര്‍ക്കാരും ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കാന്‍ തയ്യാറാവണമെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞിരുന്നു.

‘എത്രയോ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്നുണ്ട്. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്നവരാണ് കേരളത്തില്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് അവരുടേത്. നാടകസംഘങ്ങള്‍ പണം വാരിക്കൂട്ടുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നതല്ല.’

തീര്‍ച്ചയായും അവര്‍ സര്‍ക്കാരിന്റെ ആദരവും സഹായവും പരിഗണനയും അര്‍ഹിക്കുന്നു. നാടകപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ബഡ്ജറ്റ് പോലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ചെറായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലുവ അശ്വതി തിയറ്റേഴ്‌സിലെ കലാകാരന്മാര്‍ക്ക് 27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരനുഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാടകവണ്ടി തടഞ്ഞുനിര്‍ത്തി പരിശോധിക്കുക, നിസ്സാര കാര്യത്തിനു വന്‍ തുക പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുക, അഭിനേതാക്കളോടു പരിഹാസരൂപേണ പെരുമാറുക തുടങ്ങിയവ. അതുകൊണ്ടുതന്നെ ഒരു ദിവസം കഴിഞ്ഞിട്ടും മോട്ടര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടിയുടെ ആഘാതം അവരുടെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.

സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ കൂടിയതോടെ നാടകം കളിക്കാന്‍ ആളെ കിട്ടാത്ത സ്ഥിതിയുണ്ട്. പ്രത്യേകിച്ചും നടിമാരെ. അതിന്റെ കൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയാല്‍ നിലവിലുള്ളവര്‍ പോലും രംഗം വിട്ടേക്കുമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. നെറ്റ്വര്‍ക്ക് ഓഫ് ആര്‍ട്ടിസ്്റ്റിക് തിയ്യേറ്റര്‍ കേരളയാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഇത്തരം ഇരുട്ടടികള്‍, നാടകപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാന്‍ പ്രേരിപ്പിയ്ക്കുന്നതാണെന്ന് അവര്‍ പറയുന്നു.

എന്നാല്‍, കാള പെറ്റെന്ന് കേട്ട് കയറെടുത്ത് ചാടിയതുകൊണ്ടാണ് വിവാദമുണ്ടായതെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വാഹനത്തിന്റെ മുന്നിലും പിന്നിലുമായി പ്രദര്‍ശിപ്പിച്ച ‘ആലുവ അശ്വതി’ എന്ന ബോര്‍ഡിന് 160 സെ.മീറ്റര്‍ നീളവും 150 സെ.മീ വീതിയുമുണ്ട്. 160*150 = 24,000 ച. സന്റെി മീറ്റര്‍ വരുന്ന നെയിം ബോര്‍ഡിന്റെ പരസ്യ ചാര്‍ജ് അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇത് മോട്ടോര്‍ വാഹന ചട്ടം 191ന്റെ ലംഘനമാണ്. പരസ്യ ചാര്‍ജ് ഈടാക്കണം. ഇതാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞതെന്നും വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആറു മാസക്കാലത്തെ പരസ്യ ചാര്‍ജ് പരമാവധി 2400 രൂപയാണ്. പരാതിയുണ്ടെങ്കില്‍ 14 ദിവസത്തിനകം ബോധിപ്പിക്കാം- മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.

ബുധനാഴ്ച ഉച്ചക്ക് 3.45ന് തൃപ്രയാര്‍ സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസി. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീബയാണ് പിഴ നോട്ടീസ് നല്‍കിയത്. നാടക സംഘത്തിന് നല്‍കിയ ചാര്‍ജ് ഷീറ്റിലും കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, 24,000 ച. സന്റെി മീറ്ററിനെ പിഴ തുകയായി തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതിനിടെ, തൃശൂര്‍ ആര്‍.ടി.ഒയോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും, തെറ്റായ പ്രവര്‍ത്തികള്‍ ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

 

WATCH THIS VIDEO: