തിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. തിങ്കളാഴ്ചയ്ക്കകം തിയേറ്ററുകള്‍ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തമിഴ്‌നാട്ടില്‍ വിജയ് നായകനാവുന്ന മാസ്റ്റര്‍ റിലീസിന് തീരുമാനിച്ചിരുന്നു. ഇതോടെ കേരളത്തില്‍ പടം റിലീസ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തില്‍ ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തിയേറ്ററുകള്‍ പഴയ രീതിയിലേക്ക് എത്തുന്നതിന് വിജയ്യെ പോലുള്ള ഒരു താരത്തിന്റെ സിനിമ ആവശ്യമാണെന്നും പ്രതിസന്ധിഘട്ടത്തില്‍ തങ്ങളെ കൈവിടാതിരുന്ന വിജയ്യുടെ ചിത്രം തന്നെയായിരിക്കും ആദ്യ പരിഗണനയെന്നും തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.
അതേസമയം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ദൃശ്യം 2 അപ്രതീക്ഷിതമായി ഇന്ന് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു.
പുതുവത്സരത്തില്‍ പുറത്തിറങ്ങിയ ടീസറിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് നിശ്ചലമായ തിയേറ്റര്‍ വ്യവസായത്തിന് ദൃശ്യം 2 വിന്റെ തിയേറ്റര്‍ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.
ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് സമിശ്ര പ്രതികരണമാണ് ഇപ്പോള്‍ വരുന്നത്. കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ തീരുമാനം മാറ്റുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക