കൊച്ചി: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ ജനുവരി 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമോ ?, ഈ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
തൃപ്പുണിത്തുറ സെന്‍ട്രല്‍ ടാക്കീസിന്റെ ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിനെ തുടര്‍ന്നാണ് തിയേറ്ററുകള്‍ ജനുവരി 13 മുതല്‍ തുറക്കുമെന്ന് പ്രചരണം തുടങ്ങിയത്. ‘ തിരശ്ശീലകള്‍ക്ക് വീണ്ടും കര്‍ട്ടന്‍ ഉയരുന്നു, ജനുവരി 13 മുതല്‍’ എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ വിജയ് നായകനാവുന്ന മാസ്റ്ററായിരിക്കും തിയേറ്ററില്‍ റിലീസ് ചെയ്യുകയെന്നും പൊങ്കലിന് തമിഴ്‌നാട്ടില്‍ എന്ന പോലെ കേരളത്തിലും തിയേറ്ററുകള്‍ തുറക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്താണ് ?.
നിലവില്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ലെന്നാണ് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷനായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം.സി ബോബി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ വിശ്വസിക്കേണ്ട, നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങള്‍ അവസാനിച്ചതിന് ശേഷം തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്’ എന്നാണ് ബോബി പറയുന്നത്.
തിയേറ്ററുകള്‍ ഡിസംബറിലെ ക്രിസ്തുമസ് അവധികാലത്തോ, ജനുവരി ആദ്യവാരമോ തുറക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണം. സര്‍ക്കാര്‍ അനുമതി തരുന്നത് പ്രകാരമാണ് തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും എം.സി ബോബി പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടില്‍ വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. തിയേറ്ററുകള്‍ പഴയ രീതിയിലേക്ക് എത്തുന്നതിന് വിജയ്‌യെ പോലുള്ള ഒരു താരത്തിന്റെ സിനിമ ആവശ്യമാണെന്നും പ്രതിസന്ധിഘട്ടത്തില്‍ തങ്ങളെ കൈവിടാതിരുന്ന വിജയ്‌യുടെ ചിത്രം തന്നെയായിരിക്കും ആദ്യ പരിഗണനയെന്നും തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക