| Tuesday, 21st September 2021, 11:28 am

തിയേറ്ററുകള്‍ തുറന്നേക്കും ; സാഹചര്യം അനുകൂലമെന്ന് മന്ത്രി സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍.

സംസ്ഥാനത്ത് 90 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്, ടി.പി.ആര്‍ ദിനം പ്രതി കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.

സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. കോളേജുകളും സ്‌കൂളുകളും തുറക്കാനുള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതുകൊണ്ടു തന്നെയാണ് തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നത്.

തിയേറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും, ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാനായിരുന്നു അനുമതി നല്‍കിയത്.

സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനായിരുന്നു അനുമതി. പിന്നീട് കൊവിഡ് കേസുകള്‍ വീണ്ടും കൂടിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു.

കൊവിഡ് മഹാമാരി വന്നതിന് ശേഷം തിയേറ്റര്‍ ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് തിയേറ്റര്‍ ഉടമകളുടെ കൂട്ടായ്മ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Theaters are about to open in Kerala

We use cookies to give you the best possible experience. Learn more