തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍.
സംസ്ഥാനത്ത് 90 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്, ടി.പി.ആര്‍ ദിനം പ്രതി കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.
സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. കോളേജുകളും സ്‌കൂളുകളും തുറക്കാനുള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതുകൊണ്ടു തന്നെയാണ് തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നത്.
തിയേറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും, ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാനായിരുന്നു അനുമതി നല്‍കിയത്.
സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനായിരുന്നു അനുമതി. പിന്നീട് കൊവിഡ് കേസുകള്‍ വീണ്ടും കൂടിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു.
തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.